തിരുവനന്തപുരം : കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് (JDS) നേതാവുമായ എച്ച്‌ഡി കുമാരസ്വാമി എന്‍ഡിഎയുടെ ഭാഗമായതോടെ ജെഡിഎസ് കേരള ഘടകം (JDS kerala Fraction) തീര്‍ത്തും വെട്ടിലായി. കേരളത്തിലെ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം അടിയുറച്ചു നില്‍ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും തിരുവല്ല എംഎല്‍എയും മുന്‍ മന്ത്രിയുമായ മാത്യു ടി തോമസ് (Mathew T. Thomas) വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിന് വിരുദ്ധമായി ഒരു സംസ്ഥാന ഘടകത്തിന് തീരുമാനമെടുത്തു മുന്നോട്ടു പോകാനാകുമോ എന്ന പ്രശ്‌നം ഇതുയര്‍ത്തുകയാണ്. അതേസമയം പാര്‍ട്ടി ദേശീയ തലത്തില്‍ ബിജെപി മുന്നണിയില്‍ തുടരുകയും (JDS NDA Alliance) കേരളത്തില്‍ അവര്‍ ഇടതു മുന്നണിയില്‍ തുടരുകയും ചെയ്യുന്നത് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് ആയുധമാക്കുമെന്നുറപ്പാണ്.
ബിജെപിയിലേക്ക് സിപിഎം പാലമിടുന്നത് കേരളത്തിലെ ജനതാദള്‍ സെക്യുലറിലൂടെ(ജെഡിഎസ്) എന്ന ആരോപണമായിരിക്കും കോണ്‍ഗ്രസ് പ്രധാനമായും മുന്നോട്ടു വയ്‌ക്കുക. മാത്രമല്ല, നിര്‍ണായക അവസരത്തില്‍ ബിജെപിക്കൊപ്പം നീങ്ങണമെന്നൊരു നിര്‍ദേശം പ്രസിഡന്‍റ് ദേവഗൗഡക്കും അദ്ദേഹത്തിന്‍റെ മകന്‍ കുമാരസ്വാമിക്കും നിര്‍ണായക സ്വാധീനവുമുള്ള ജെഡിഎസ് ദേശീയ നേതൃത്വം നല്‍കിയാല്‍ അത് ഭാവിയില്‍ കേരള ഘടകത്തിന് ബുദ്ധിമുട്ട് സൃഷ്‌ടിക്കും. അങ്ങനെയെങ്കില്‍ ദേശീയ നേതൃത്വത്തെ തള്ളി പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരിക്കും സംസ്ഥാന നേതൃത്വത്തിനുമുന്നിലുള്ള പോംവഴി.
ഇതോടെ പ്രാദേശിക പാര്‍ട്ടിയായി ജെഡിഎസ് കേരള ഘടകം മാറും. പാര്‍ട്ടിക്ക് കേരള നിയമസഭയില്‍ രണ്ടംഗങ്ങളും ഒരു മന്ത്രിയുമാണുള്ളത്. മാത്യു ടി തോമസും മന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയുമാണ് സംസ്ഥാന നിയമസഭയിലെ ജെഡിഎസ് അംഗങ്ങൾ. സംസ്ഥാനത്ത് തുടര്‍ച്ചയായി ഭരണം നടത്തുന്ന എല്‍ഡിഎഫിലെ ഘടക കക്ഷിയും മന്ത്രി സ്ഥാനവും ഉള്ളതു കൊണ്ട് ദേശീയ തലത്തില്‍ നിന്ന് പാര്‍ട്ടി കേരള ഘടകം അടര്‍ന്നു മാറിയാല്‍ സ്വാഭാവികമായി വലിയ പൊട്ടിത്തെറികള്‍ക്കുള്ള സാധ്യതയും കാണുന്നില്ല.