തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനായി ജയഘോഷിന്‍റെ നിയമന കാലാവധി നീട്ടി നല്‍കിയത് മൂന്ന് തവണയെന്ന് റിപ്പോർട്ടുകൾ. ഡിജിപി നേരിട്ടാണ് കാലവധി പുതുക്കി ഉത്തരവിറക്കിയത്. മൂന്ന് വര്‍ഷം മുമ്പാണ് ജയഘോഷ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനായി നിയമിക്കപ്പെടുന്നത്. തുടര്‍ന്നുള്ള 2018, 2019, 2020 വര്‍ഷങ്ങളില്‍ കാലാവധി പുതിയ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. 2020 ജനുവരി എട്ടിനാണ് അവസാനമായി കാലാവധി പുതുക്കി ഉത്തരവിറക്കിയത്. ഗണ്‍മാനായി ജയഘോഷിന്‍റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ജനറല്‍ കത്ത് നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജയഘോഷിന്‍റെ കാലാവധി നീട്ടിയത് മൂന്ന് തവണ: ഇടപെട്ടത് ഡിജിപി നേരിട്ട് - ഗണ്‍മാനായി ജയഘോഷ്
മൂന്ന് വര്‍ഷം മുമ്പാണ് ജയഘോഷ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനായി നിയമിക്കപ്പെടുന്നത്. ഉത്തരവ് പുതുക്കിയത് ഡിജിപി നേരിട്ട്.
അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെയും അനുമതിയോടെ മാത്രമാണ് സുരക്ഷ നല്‍കാന്‍ നിയമം. കോണ്‍സുലേറ്റ് ജനറലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ഗണ്‍മാനെ നിയമിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് ആക്ഷേപം. നയതന്ത്ര ഓഫീസിന് സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. കോണ്‍സുലേറ്റിന് പുറത്ത് സുരക്ഷ നല്‍കാന്‍ മാത്രമാണ് പൊലീസിന് അനുമതി. ഇത് മറികടന്നാണ് ജയഘോഷിന്‍റെ നിയമനമെന്നാണ് ആരോപണം.
അതേസമയം 2017ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം വിഐപി സുരക്ഷ സംബസിച്ച സംസ്ഥാന റിവ്യു കമ്മിറ്റി കോൺസുലേറ്റ് ജനറൽ അടക്കമുള്ളവർക്ക് എക്‌സ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജയഘോഷിനെ നിയമിച്ചതെന്നും പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം. അതേസമയം ഒരാളെ തന്നെ ഒന്നില്‍ കൂടുതല്‍ തവണ ഗൺമാനായി നിയമിച്ചതിൽ ദുരുഹതയുണ്ടെന്നാണ് ആക്ഷേപം. ഒരു ഗൺമാനും രണ്ടു പേഴ്‌സണൽ സ്റ്റാഫുമാണ് എക്‌സ് കാറ്റഗറി സുരക്ഷയിൽ ഉണ്ടാകുക.