തിരുവനന്തപുരം :ശ്രീകാര്യംഗാന്ധിപുരത്തെ ജാൻസിയുടെ വീടിൻ്റെ പൂമുഖത്ത് നമ്മെ വരവേൽക്കുന്നത് ഒരു പൂന്തോട്ടമാണ്. പൂക്കൾ നിറഞ്ഞ പൂന്തോട്ടമല്ല. പകരം മുത്തുകൾ കൊണ്ട് തീർത്ത ഒരു ബോൺസായ് പൂന്തോട്ടം.
കൊല്ലത്ത് ഐസിഡിഎസ് സൂപ്പർവൈസറായി ജോലി നോക്കുന്ന ജാൻസി വീട്ടിലെത്തിയാൽ പിന്നെ പല നിറങ്ങളിലുള്ള മുത്തുകൾക്കിടയിലാണ്. മുത്തുകൾ കൊണ്ട് മാല അല്ല മരങ്ങളാണ് ജാൻസി നിർമ്മിക്കുന്നത്. ഒരു വർഷം മുൻപ് വെറും കൗതുകത്തിന് മുത്തുകളിൽ ഒരു മരമുണ്ടാക്കിയതാണ് തുടക്കം. കൗതുകം പക്ഷേ ഇനിയും കഴിഞ്ഞിട്ടില്ല.
മുത്തുകളിൽ വിസ്‌മയം തീർത്ത് ജാൻസി ; നേടിയെടുത്തത് ഒട്ടനവധി റെക്കോഡുകൾ ഒന്നിനു പിറകെ ഒന്നായി ഇലയും പൂവും കായുമുള്ള നാൽപതോളം ചെടികളും മരങ്ങളും ജാൻസി മുത്തുകളാൽ നിർമ്മിച്ചു. ഒടുവിൽ ചെറുമുത്തുകൾ കൊണ്ട് ഏറ്റവും കൂടുതൽ ചെടികൾ നിർമ്മിച്ചതിന്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിലും ജാൻസി സ്ഥാനം പിടിച്ചു.
നേർക്കാഴ്‌ചയിൽ ഒറിജിനലിനെ വെല്ലുന്ന പൂമരങ്ങളാണ് ജാൻസി നിർമ്മിക്കുന്നത്. മുത്തുകൾ കൊണ്ട് മരമൊരുക്കുന്ന ഈ കല അത്ര എളുപ്പമല്ല. മുത്തുകളും, തണ്ടിനൊത്ത ചെമ്പുകമ്പികളും തെരഞ്ഞെടുക്കുന്നതിൽ ഏറെ വൈദഗ്ധ്യം ആവശ്യമാണ്. കൂട്ടത്തിലെ പടർന്നുപന്തലിച്ച ഏറ്റവും വലിയ മരം നിർമ്മിക്കാൻ ജാൻസിക്ക് ഒരു മാസം വേണ്ടിവന്നു.
ALSO READ:ചെറുവിരല്‍ കൊണ്ട് ഗാന്ധിജിയുടെ ചിത്രം വരച്ചു, തേടിയെത്തിയത് റെക്കോഡ്
കൗതുകത്തിന് തുടങ്ങിയ നിർമ്മാണം കാര്യമായതോടെ മുത്തുമരങ്ങളുടെ പ്രദർശനം നടത്താനാണ് ഇപ്പോൾ ജാൻസിയുടെ ശ്രമം. മുത്തുമരങ്ങൾ വാങ്ങാൻ ധാരാളം പേർ എത്തുന്നുണ്ടെങ്കിലും അവ വിൽക്കാൻ ജാൻസി ഒരുക്കമല്ല. കാരണം ഒരു സൃഷ്ടിയും മറ്റൊന്നിനെപ്പോലെയല്ലെന്നും ഒന്നുപോലെ മറ്റൊന്ന് ചെയ്തെടുക്കാനാവില്ല എന്നുമാണ് ജാൻസിയുടെ പക്ഷം.