തിരുവനന്തപുരം : സർക്കാർ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം തിരുവനന്തപുരം ജില്ലയിൽ മാത്രം പൂട്ട് വീണത് 10 ജനകീയ ഹോട്ടലുകൾക്ക്. 2019 ൽ ആദ്യ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ ലോക്‌ഡൗൺ പ്രഖ്യാപിച്ച കാലത്തായിരുന്നു സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നത്. നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നായിരുന്നു നാട്ടിലെങ്ങും ജനകീയ ഹോട്ടലുകൾ പ്രവർത്തനം ആരംഭിച്ചത്.
സർക്കാർ പങ്കാളിത്തം പാതിവഴിയിലോ: 1180 ജനകീയ ഹോട്ടലുകളാണ് സംസ്ഥാനത്താകെ പ്രവർത്തനം ആരംഭിച്ചത്. അതിൽ ജില്ലയിൽ 110 എണ്ണമാണ് പ്രവർത്തിച്ചിരുന്നത്. കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാർ. പ്രാരംഭഘട്ടത്തിൽ 20 രൂപയ്‌ക്ക് ലഭ്യമാക്കുന്ന ഊണ് ഒന്നിന് 10 രൂപ സർക്കാർ സബ്‌സിഡി, മെഷീനറികളും പത്രങ്ങളും വാങ്ങാൻ 50,000 രൂപയുടെ റെവോൾവിങ് ഫണ്ട്, കിലോയ്‌ക്ക് 10.90 രൂപ സബ്‌സിഡി നിരക്കിൽ ഭക്ഷ്യ സിവിൽ സപ്ലൈസിൽ നിന്ന് അരി എന്നിങ്ങനെയായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സർക്കാർ പങ്കാളിത്തം.
കൂടാതെ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ നികുതിയും വൈദ്യുതി ബില്ലും സർക്കാർ വഹിക്കും. നിലവിൽ രണ്ട് കോടിയോളം രൂപയാണ് തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ കുടിശികയായി നൽകാനുള്ള തുക. കുടുംബശ്രീ സംസ്ഥാന മിഷന് സർക്കാരിൽ നിന്നും ലഭിച്ച തുകയുടെ വിഹിതമാണ് ജില്ല മിഷന് നൽകുക.
കിട്ടാക്കടമായി കുടിശിക: കഴിഞ്ഞ വർഷമാണ് അവസാനമായി സർക്കാരിൽ നിന്നും തുക ലഭിച്ചത്. ഇത് കൊണ്ട് 2022 മേയ് മാസം വരെയുള്ള കുടിശിക മാത്രമേ കൊടുത്ത് തീർക്കാൻ കഴിഞ്ഞിട്ടുള്ളൂ. പ്രാദേശിക സി ഡി എസുകൾക്ക് ജനകീയ ഹോട്ടലുകൾ സമർപ്പിക്കുന്ന ചെലവ് സംബന്ധിച്ച കണക്കുകൾ കൃത്യമായി ജില്ല മിഷൻ ഓഫിസുകളിൽ സമർപ്പിക്കാത്തതും വെല്ലുവിളിയാവുകയാണ്.
also read:ദേശീയ തലത്തില്‍ പ്രശംസ ലഭിച്ച ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍; കയ്യൊഴിഞ്ഞ് സര്‍ക്കാര്‍
പല കാലഘട്ടങ്ങളിലായാണ് ഹോട്ടലുകൾക്ക് താഴ് വീണത്. സിവിൽ സപ്ലൈസിൽ നിന്നും വിതരണം ചെയ്യുന്ന അരി ഭൂരിഭാഗം ഹോട്ടലുകളും ഉപയോഗിക്കുന്നില്ല. സർക്കാർ വൈദ്യുതി ബില്ല് അടയ്‌ക്കാത്തതിനാൽ പൂട്ടേണ്ടി വന്ന ജില്ലയിലെ ആദ്യ ജനകീയ ഹോട്ടലിന്‍റെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഇ ടി വി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു.
പൂട്ട് തുറക്കും മുന്നെ പുതിയ സംരംഭങ്ങൾ: ഇതേ സി ഡി എസിലെ മറ്റൊരു ജനകീയ ഹോട്ടലിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കുടിശികയുള്ളത്. 22 ലക്ഷം രൂപയാണ് കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന തൈക്കാട് പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിന് ലഭിക്കാനുള്ളത്. കുടിശിക മുടക്ക് കാരണം മാത്രം കുടപ്പനക്കുന്നിലും ഇത്തരത്തിൽ കുടുംബശ്രീ കൂട്ടായ്‌മ ഹോട്ടലിന്‍റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. നിലവിൽ പ്രവർത്തിക്കുന്നവയുടെ സുഗമമായ നടത്തിപ്പ് തന്നെ താളം തെറ്റുമ്പോൾ 18 പുതിയ ജനകീയ ഹോട്ടലുകൾ കൂടി ആരംഭിക്കാനാണ് നഗരസഭയുടെ നീക്കം.