കേരളം

kerala

ETV Bharat / state

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ രാജിവച്ചു

ഇനി ഫ്രാങ്കോ മുളയ്‌ക്കല്‍ ബിഷപ്പ് എമിരറ്റസ് എന്ന് അറിയപ്പെടും

Jalandhar bishop  franco mulakkal  franco mulakkal resignation  ജലന്ദര്‍ ബിഷപ്പ്  ഫ്രാങ്കോ മുളയ്‌ക്കല്‍  ബിഷപ്പ് എമിരറ്റസ്
ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ രാജി വച്ചു

By

Published : Jun 1, 2023, 5:11 PM IST

Updated : Jun 1, 2023, 8:47 PM IST

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ രാജിവച്ചു. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്‌ക്കല്‍ ഇനി ബിഷപ്പ് എമിരറ്റസ് എന്ന് അറിയപ്പെടും.

2018ല്‍ കന്യസ്‌ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബലാത്സംഗ കേസില്‍ കഴിഞ്ഞ വര്‍ഷം പ്രാദേശിക കോടതി ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു.

ജലന്ധര്‍ രൂപതയ്‌ക്ക് ഇനി പുതിയ ബിഷപ്പ്:ഫ്രാങ്കോയോട് വത്തിക്കാന്‍ രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്നും മറിച്ച് പുതിയ ബിഷപ്പിനെ ആവശ്യമുള്ള ജലന്ധര്‍ രൂപതയുടെ നന്മയ്‌ക്കാണെന്നും സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ രാജി പുതിയ ബിഷപ്പിനെ നിയോഗിക്കുന്നതിലേയ്‌ക്ക് വഴിവയ്‌ക്കും. പരിശുദ്ധ സിംഹാസനത്തില്‍ തന്‍റെ രാജി സ്വീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് എമിരിറ്റസ് എന്നതാണ് ഫ്രാങ്കോ മുളയ്ക്ക‌ലിന്‍റെ ഇപ്പോഴത്തെ പദവിയെങ്കിലും അദ്ദേഹത്തിന്‍റെ കാനോനിക നിയന്ത്രണങ്ങള്‍ക്ക് മാറ്റമുണ്ടാവുകയില്ല. ഇക്കഴിഞ്ഞ ഫ്രെബ്രുവരി എട്ടാം തിയതി മുളയ്‌ക്കല്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബലാത്സംഗ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയ ശേഷം മാര്‍പാപ്പയുമായുള്ള മുളയ്‌ക്കലിന്‍റെ ആദ്യ കൂടിക്കാഴ്‌ചയായിരുന്നു അത്.

കുറ്റവിമുക്തനെങ്കിലും ചുമതലകളില്ലാതെ ഫ്രാങ്കോ: 2018ലെ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ മുളയ്‌ക്കലിനെ പൊലീസ് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് രൂപതയുടെ ചുമതലകളില്‍ നിന്ന് ബിഷപ്പിനെ താത്‌കാലികമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒഴിവാക്കിയിരുന്നു. കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടും മുളയ്‌ക്കലിന് സഭയില്‍ പുതിയ ചുമതലകള്‍ നല്‍കിയരുന്നില്ല. ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതിയുടെ തീരുമാനത്തെ വത്തിക്കാന്‍ നേരത്തെ അംഗീകരിക്കുകയും ചെയ്‌തിരുന്നു.

പരാതിക്കാരിയായ കന്യാസ്‌ത്രീ കേസിലെ വിചാരണ കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014നും 2016നും ഇടയില്‍ പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ ബിഷപ്പായിരിക്കെ കേരളത്തിലെ കോട്ടയത്തെ ഒരു മഠത്തില്‍ സന്ദര്‍ശനത്തിനിടെ മുളയ്‌ക്കല്‍ തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തതായി അവര്‍ ആരോപിച്ചിരുന്നു. ജലന്ധര്‍ സഭയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സഭയിലെ അംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമാണ് പരാതിക്കാരിയായ കന്യാസ്‌ത്രീ.

വിചാരണ തുടങ്ങിയ ഒന്നര വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2018 ജൂണില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ ആരംഭിച്ചത്. പിന്നീട് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലേയ്‌ക്ക് കേസ് മാറ്റുകയായിരുന്നു.

മാര്‍പാപ്പയുടെ തീരുമാനത്തില്‍ സന്തോഷമെന്ന് ലൂസി കളപ്പുര: ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ സ്ഥാന ത്യാഗത്തെ ലൂസി കളപ്പുര സ്വാഗതം ചെയ്‌തു. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തനെന്ന് പ്രഖ്യാപിച്ച കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് സേവ് ആവര്‍ സിസ്‌റ്റേഴ്‌സ് മുന്‍ കണ്‍വീനര്‍ ഫാ. അഗസ്‌റ്റിന്‍ വട്ടോളി നേരത്തെ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. സാധാരണ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്‌ടമാകുന്ന വിധിയാണിതെന്നും 39 സാക്ഷികള്‍ ഉണ്ടായിട്ടും വിധി എതിരായത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Last Updated : Jun 1, 2023, 8:47 PM IST

ABOUT THE AUTHOR

...view details