തിരുവനന്തപുരം:സഭാതർക്കത്തിൽ ശാശ്വത പരിഹാരത്തിന് നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം നൽകി. തർക്കം നിലനിൽക്കുന്ന പളളികളിൽ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തെ കണ്ടെത്തുക, ഭൂരിപക്ഷത്തിന് പള്ളിയുടെ ഉടമസ്ഥത നൽകുക, ഭൂരിപക്ഷം ന്യൂനപക്ഷത്തിന് പുതിയ പളളി നിർമിച്ചു നൽകുക, സെമിത്തേരിയിൽ എല്ലായിടവും ഇരു വിഭാഗവും പങ്കിട്ട് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സഭ മുന്നോട്ടു വക്കുന്നത്.
സഭാതർക്കം; നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ - തിരുവനന്തപുരം
ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ് സഭാതർക്കം പരിഹരിക്കാൻ ഇടപെട്ടിട്ടില്ലെന്നും സഭ ആരോപിച്ചു
നിർദേശങ്ങൾ ഉൾപ്പെടുത്തി നിയമനിർമാണം നടത്തണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പിൽ സർക്കാരിനെ സഭ സഹായിച്ചതായും തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും സഭാനേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാടിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട്. സഭാതർക്കം സംബന്ധിച്ച് രാഷ്‌ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണം. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ് സഭാതർക്കം പരിഹരിക്കാൻ ഇടപെട്ടിട്ടില്ലെന്നും സഭ ആരോപിച്ചു.
പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനുവരി ഒന്നിന് സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം നടത്തും. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടത് പ്രതീക്ഷ നൽകുന്നുവെന്നും സഭാനേതൃത്വം വ്യക്തമാക്കി.