തിരുവനന്തപുരം:നീതിയ്ക്കും തുല്യതയ്ക്കുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കു ചേരേണ്ട ഒന്നാണെന്ന് ഈ വനിതാ ദിനം നമ്മെ ഓർമിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി നടത്തി വരുന്ന അനവധി പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ കഴിയണം.
വനിതകളെ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കുന്നതിനായുള്ള ഡിജിറ്റൽ പാഠശാല പദ്ധതിയ്ക്ക് സർക്കാർ ഇന്ന് തുടക്കം കുറിക്കുകയാണന്നും 'ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യമെന്നും പിണറായി വിജയൻ പറഞ്ഞു. വനിത ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി നടപ്പാക്കുന്ന ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:അന്താരാഷ്ട്ര വനിതാ ദിനാശംസകൾ! സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുൾക്കൊള്ളുന്ന സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് പകരുകയും ചെയ്യുന്ന ദിനമാണിത്. 'ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം. വനിതാ ദിനത്തിന്റെ സന്ദേശമേറ്റെടുത്ത് ഡിജിറ്റൽ പാഠശാല പദ്ധതിയ്ക്ക് സർക്കാർ ഇന്നു തുടക്കം കുറിക്കുകയാണ്. വനിതകളെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.