തിരുവനന്തപുരം : ഇരുപത്തി ഒന്‍പതാമത് ടെലിവിഷന്‍ അവാര്‍ഡിന് ചെലവായ തുക സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കിയ രണ്ട് ഉത്തരങ്ങളില്‍ രണ്ട് കണക്കുകള്‍. ഒരു മാസത്തെ ഇടവേളയില്‍ നല്‍കിയ രണ്ട് ഉത്തരങ്ങളിലെ കണക്കുകളില്‍ ആറ് ലക്ഷത്തിലധികം രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 2022 ഡിസംബര്‍ 26 ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് 2023 ജനുവരി 18 ന് നല്‍കിയ ഉത്തരത്തില്‍ ചിലവ് 32 ലക്ഷം രൂപയെന്നായിരുന്നു.
Pic 1: ആദ്യം സമര്‍പ്പിച്ച വിവരാവകാശ രേഖയുടെ മറുപടി Pic 2: ആദ്യം സമര്‍പ്പിച്ച വിവരാവകാശ രേഖയുടെ മറുപടി ഇതേ ചോദ്യം ജനുവരി 30ന് വിവരാവകാശ നിയമ പ്രകാരം വീണ്ടും നല്‍കി. ഫെബ്രുവരി 14ന് ഉത്തരം ലഭിച്ചപ്പോള്‍ ചെലവ് മുപ്പത്തി എട്ട് ലക്ഷത്തി ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി പതിനൊന്ന് രൂപയായി വര്‍ധിച്ചിരിക്കുകയാണ്. അക്കാദമിയുടെ പ്രവര്‍ത്തനത്തിലെ ചെലവുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത്തരത്തില്‍ വ്യത്യസ്‌തമായ ഉത്തരം ലഭിക്കുന്നത് പതിവായിരിക്കുകയാണ്. നേരത്തെ അക്കാദമിയുടെ ടൂറിങ് ടാക്കീസിന്‍റെ ചെലവ് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഇത്തരത്തില്‍ വ്യത്യസ്‌തമായ ഉത്തരമാണ് ലഭിച്ചത്.
അവാര്‍ഡിന് പിന്നിലും ക്രമക്കേട് :അവാര്‍ഡ് നിര്‍ണയത്തിന്‍റെ പേരില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത് നടക്കുന്നതായി വ്യക്തമാക്കുന്നതാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. മുപ്പതാം സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനായി ജൂറിക്ക് എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നാല് ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. അക്കാദമിയുടെ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ ആസ്ഥാനത്ത് അവാര്‍ഡിന് സമര്‍പ്പിച്ച എന്‍ട്രികള്‍ കാണാന്‍ സൗകര്യമുണ്ടായിരുന്നിട്ടും സ്വകാര്യ ഹോട്ടലിലായിരുന്നു വിലയിരുത്തല്‍ നടന്നത്.
തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലിലാണ് ജൂറിക്കായി എന്‍ട്രികള്‍ പ്രദര്‍ശിപ്പിച്ചത്. ഇത്തരത്തില്‍ ജൂറി അംഗങ്ങളുടെ ഓണറേറിയം ഉള്‍പ്പടെ ഏഴ് ലക്ഷത്തി നാലായിരത്തി തൊള്ളായിരത്തി എഴുപത്തഞ്ച് രൂപയാണ് അവാര്‍ഡ് നിര്‍ണയത്തിന് ചെലവഴിച്ചത്. ഇതില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി എഴായിരത്തി അഞ്ഞൂറ്റി അറുപത് രൂപയാണ് ജൂറി അംഗങ്ങളുടെ ഓണറേറിയം. ബാക്കി നാല് ലക്ഷം രൂപ ഹോട്ടലിലെ പ്രദര്‍ശനത്തിനും അവിടെ തന്നെ ജൂറിയംഗങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയതിനും യാത്രയ്ക്കുമായാണെന്നും അക്കാദമി തന്നെ നല്‍കിയ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
Pic 3: രണ്ടാമത് സമര്‍പ്പിച്ച വിവരാവകാശ രേഖയുടെ മറുപടി Pic 4: രണ്ടാമത് സമര്‍പ്പിച്ച വിവരാവകാശ രേഖയുടെ മറുപടി ഇത്ര പെട്ടെന്ന് കണ്ടുകഴിഞ്ഞോ : അവാര്‍ഡ് നിര്‍ണയം ഏഴ് ദിവസം കൊണ്ടാണ് ജൂറി നടത്തിയതെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നുണ്ട്. കഥാവിഭാഗത്തിലും കഥേതര വിഭാഗത്തിലുമായി 191 എന്‍ട്രികളാണ് അക്കാദമിക്ക് മുന്നിലെത്തിയത്. ഇതില്‍ നിന്നാണ് പ്രത്യേക ജൂറി പരാമര്‍ശമുള്‍പ്പടെ 37 അവാര്‍ഡുകളുടെ നിര്‍ണയം നടത്തിയത്. 20 മിനിറ്റിന് മുകളില്‍ ദൈര്‍ഘ്യം വരുന്നതാണ് എന്‍ട്രികളില്‍ ഏറെയും. ഇതാണ് അതിവേഗത്തില്‍ കണ്ട് തീര്‍ത്ത് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
2022 മെയ് 31 വരെയായിരുന്നു എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ ചലച്ചിത്ര അക്കാദമി അനുവദിച്ചിരുന്ന സമയം. ഇത്തരത്തില്‍ ലഭിച്ച എന്‍ട്രികളില്‍ ആറ് മാസത്തോളം ഒരു നടപടിയും സ്വീകരിച്ചില്ല. നവംബര്‍ മാസമായതോടെയാണ് ഇതില്‍ തുടര്‍നടപടികളായത്. നവംബര്‍ 14 മുതല്‍ 19 വരെയാണ് ജൂറി എന്‍ട്രികള്‍ കണ്ടത്. ഇത്രയും മാസം വൈകിയതിന് കാരണം വിവരാവകാശ നിയമപ്രകാരം ആരാഞ്ഞപ്പോള്‍ അക്കാദമി അധികൃതര്‍ നല്‍കിയ മറുപടി പ്രോഗ്രാം കലണ്ടര്‍ പ്രകാരമുള്ള മറ്റ് തിരക്കുകള്‍ എന്നാണ്.