കേരളം

kerala

ETV Bharat / state

IRCTC | കര്‍ക്കടകത്തില്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ; ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ - kerala news updates

കര്‍ക്കടകത്തില്‍ ഉജ്ജെയിൻ, ഹരിദ്വാർ, ഋഷികേശ്, വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്. ജൂലൈ 20ന് കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 31 വരെ നീളും

IRCTC tour package to holy places  IRCTC  കര്‍ക്കടകത്തില്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാം  ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റയില്‍വേ  കർക്കടക മാസം  യാത്ര ടിക്കറ്റ് നിരക്കുകള്‍  ഋഷികേശ്  വാരാണസി  അയോധ്യ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റയില്‍വേ

By

Published : Jul 5, 2023, 6:12 PM IST

തിരുവനന്തപുരം : കർക്കടക മാസത്തിൽ രാജ്യത്തെ തീർഥാടന കേന്ദ്രങ്ങള്‍ സന്ദർശിക്കാൻ ടൂർ പാക്കേജുമായി ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ ടൂറിസം ആന്‍ഡ് കാറ്ററിങ്). തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് യാത്ര ആരംഭിക്കുന്ന പ്രത്യേക ട്രെയിൻ ഉജ്ജെയിൻ, ഹരിദ്വാർ, ഋഷികേശ്, വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളിലായിരിക്കും സര്‍വീസ് നടത്തുകയെന്ന് ഐആര്‍സിടിസി ജനറല്‍ മാനേജര്‍ സാം ജോസഫ് പറഞ്ഞു.

യാത്ര ടിക്കറ്റ് നിരക്കുകള്‍ :സർക്കാരിന്‍റെ 'ദേഖോ ഭാരത് ശ്രേഷ്‌ഠ ഭാരത്' എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന തീർഥ യാത്ര ജൂലൈ 20നാണ് ആരംഭിക്കുക. 11 രാത്രികളും 12 പകലും നീളുന്ന യാത്ര പുണ്യ സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ച് ജൂലൈ 31ന് തിരികെയെത്തും. സ്ലീപ്പർ ക്ലാസ്, 3AC എന്നിങ്ങനെ രണ്ട് രീതിയിലുള്ള പാക്കേജുകളാണ് ഇതിനായി ട്രെയിനില്‍ സജ്ജമാക്കിയിട്ടുള്ളത്.

3AC യിൽ മുതിർന്നവർക്ക് 36,340 രൂപയും 5 വയസ് മുതല്‍ 11 വയസ് വരെയുള്ളവർക്ക് 34,780 രൂപയും സ്ലീപ്പര്‍ കോച്ചില്‍ മുതിർന്നവർക്ക് 24,340 രൂപയും 5 വയസ് മുതല്‍ 11 വയസ് വരെയുള്ളവര്‍ക്ക് 22,780 രൂപയുമാണ് യാത്രാനിരക്ക്. ഇതിനായി സജ്ജമാക്കിയ ട്രെയിനില്‍ ആകെ 754 സീറ്റുകളാണ് ഉള്ളത്.

യാത്രയ്ക്കി‌ടയിലെ ഭക്ഷണം, താമസം എന്നിവയുള്‍പ്പടെയുള്ള ചെലവ് ഇതില്‍പ്പെടും. എന്നാല്‍ പൂജ, മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ എന്നിവയ്‌ക്കുള്ള ചെലവ് സ്വയം വഹിക്കണം. ആരോഗ്യ സംബന്ധമായ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാല്‍ മെഡിക്കല്‍ സൗകര്യവും ട്രെയിനില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സിസിടിവി, ടൂര്‍ ഗൈഡ് എന്നിവയുമുണ്ടാകും. രാത്രി താമസത്തിനായി എസി ഹോട്ടലുകളും വെജിറ്റേറിയന്‍ ഭക്ഷണവുമാണ് സജ്ജമാക്കിയിട്ടുള്ളത്.
സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ :വേദ കാലഘട്ടം മുതലുള്ള ചരിത്രം പേറുന്ന നിരവധി തീർഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും യാത്രയിൽ സന്ദർശിക്കാൻ സൗകര്യമുണ്ട്. ജ്യോതിർ ലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗമായ ദ്വാദശ ജ്യോതിർ ലിം‌ഗങ്ങളിൽപ്പെടുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം, നർമദ നദിയിൽ ശിവപുരി ദ്വീപിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർ ലിംഗക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വർ ക്ഷേത്രം എന്നിവയും ഗംഗ നദിയിലെ ആരതിയും ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ഋഷികേശിലെ ക്ഷേത്രങ്ങളും അവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ രാം ഝൂല എന്നിവിടങ്ങളും സന്ദര്‍ശിക്കാം.

ഹിന്ദു, ബുദ്ധ, ജൈന മത വിശ്വാസികളുടെ പുണ്യ നഗരമായ ഉത്തർപ്രദേശിലെ കാശിയിലെ (വാരാണസി) തീർഥാടന കേന്ദ്രങ്ങളായ കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാല ഭൈരവ ക്ഷേത്രം, ശ്രീബുദ്ധൻ ആദ്യമായി ധർമ പ്രഭാഷണം നടത്തിയ ഗംഗ-ഗോമതി നദികളുടെ സംഗമ സ്ഥാനം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ പുരാതന ഇന്ത്യയിലെ മഹാജനപഥങ്ങളിലൊന്നായ കോസല രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്രമടക്കമുള്ളവയും പുണ്യനദികളായ സരയു, ഗംഗ, യമുന,സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ കേന്ദ്രമായ പ്രയാഗ്‌രാജിലെ (അലഹബാദ്) ത്രിവേണിയും യാത്രയിലൂടെ സന്ദർശിക്കാനാകും.

സഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്. കേന്ദ്ര / സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എല്‍ടിസി (Leave travel concession) സൗകര്യം ലഭ്യമാണ്. യാത്രയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോണിൽ ബന്ധപ്പെടുകയോ ഇന്ത്യന്‍ റെയില്‍വേ ടൂറിസം ആന്‍ഡ് കാറ്ററിങ് വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

വെബ്സൈറ്റ് - https://bit.ly/3JowGQa
എറണാകുളം - 8287932082
തിരുവനന്തപുരം : 8287932095
കോഴിക്കോട് : 8287932098

ABOUT THE AUTHOR

...view details