തിരുവനന്തപുരം: മാര്‍ഗ്രിഗോറിയോസ് ലോ കോളജിലെ നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്ന ആദിത്യയുടെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നീളുന്നു. 2019 ഡിസംബര്‍ ഇരുപത്തിയൊമ്പതിന് രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ശാസ്‌തമംഗലം-വെള്ളയമ്പലം റോഡില്‍ വച്ചാണ് ആദിത്യയുടെ ബൈക്ക് അപകടത്തില്‍പ്പെടുന്നത്. അമിത വേഗത്തിലെത്തിയ കാര്‍ ആദിത്യയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതേ അപകടത്തില്‍ യൂബര്‍ ഈറ്റ്‌സ് ജീവനക്കാരനായ അബ്‌ദുള്‍ റഹിമും മരിച്ചിരുന്നു. അപകടമുണ്ടാക്കിയ കാര്‍ സെന്‍ എസ്റ്റീലോയാണെന്ന് മാത്രമാണ് പൊലീസിന് ലഭിച്ച ഏക വിവരം.
നിയമ വിദ്യാര്‍ഥിയുടെ അപകട മരണം; അന്വേഷണം എങ്ങുമെത്താതെ നീളുന്നു - തിരുവനന്തപുരം
അപകടമുണ്ടാക്കിയ കാര്‍ സെന്‍ എസ്റ്റീലോയാണെന്ന് മാത്രമാണ് പൊലീസിന് ലഭിച്ച ഏക വിവരം
ശാസ്‌തമംഗലം-വെള്ളയമ്പലം റോഡില്‍ നിരീക്ഷണ ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ല. ശാസ്‌തമംഗലത്തു നിന്നും വെളളയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാറിന് ഇടതു വശത്ത് കൂടെ കടന്നു പോകുന്നതിനിടയിലാണ് അപകടം നടന്നിരിക്കുന്നത്. ആദിത്യ ഓടിച്ചിരുന്ന ബൈക്ക് എതിര്‍ ദിശയിലുള്ള ട്രാക്കിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വാഹനം ഓടിച്ചിരുന്നുവെന്ന് കരുതുന്ന വ്യക്തി അപകട സ്ഥത്തേക്ക് കടന്നു വന്ന് നോക്കുന്നതും വേഗത്തില്‍ തിരിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രതിയെന്ന് കരുത്തുന്നയാളുടെ രേഖാ ചിത്രം വരയ്ക്കാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം പൊലീസ്. 12 ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ജനുവരി ഒമ്പതിന് മസ്‌തിഷ്‌ക മരണം സംഭവിച്ച ആദിത്യയുടെ വൃക്കകളും കരളും നേത്രപടലങ്ങളും ദാനം ചെയ്‌തു. ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലുമാണ് നല്‍കിയത്. 2020 ലെ ആദ്യ അവയവദാനം നടന്നത് ആദിത്യയിലൂടെയായിരുന്നു.