തിരുവനന്തപുരം :വിദ്യാർഥിനിക്ക് കണ്ടക്‌ടർ ബാക്കി കാശ് കൊടുക്കാത്ത സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു (Investigation Against KSRTC Conductor). നെടുമങ്ങാട് ഡിടിഒ വിജിലൻസിനോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഇന്നലെ വിജിലൻസ് (KSRTC Vigilance) ഉദ്യോഗസ്ഥർ അനശ്വരയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
വിദ്യാർഥിനിയായ അനശ്വര കഴിഞ്ഞ ചെവ്വാഴ്‌ച രാവിലെ 6.40ന് ആറ്റുകാലിൽ നിന്ന് നെടുമങ്ങാടേക്ക് ട്യൂഷനായി പോകവേയാണ് സംഭവം. ചില്ലറ ഇല്ലാത്തതിനാൽ 100 രൂപ നോട്ട് കൊടുത്ത് 18 രൂപയുടെ ടിക്കറ്റ് എടുത്തു. ബാക്കി രൂപ ചോദിച്ചപ്പോൾ ചില്ലറ ഇല്ലെന്നായിരുന്നു കണ്ടക്‌ടറുടെ മറുപടി. ബാക്കി തുക പലതവണ ആവശ്യപ്പെട്ടപ്പോൾ അനശ്വരയോട് കണ്ടക്‌ടർ ക്ഷുഭിതനായി. ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴും ബാക്കി തുക ആവശ്യപ്പെട്ടു. എന്നാൽ ബാക്കി തുക നൽകാൻ കണ്ടക്‌ടർ തയ്യാറായില്ല.
ഇതേ തുടർന്ന് വൈകിട്ട് 12 കിലോമീറ്ററോളം നടന്നാണ് അനശ്വര വീട്ടിലെത്തിയത്. വൈകിട്ട് 5.30ന് ബസ് തിരികെ നാട്ടിൽ എത്തിയപ്പോൾ പിതാവ് അഖിലേഷ് ബസ് തടഞ്ഞുനിർത്തി കണ്ടക്‌ടറോട് വിവരം തിരക്കി. ബാക്കി തുക നൽകാനുണ്ടെന്ന് സമ്മതിച്ച കണ്ടക്‌ടർ, തുക വേണമെങ്കിൽ ബലമായി വാങ്ങിക്കാൻ വെല്ലുവിളിക്കുകയും ചെയ്‌തു. സംഭവത്തിൽ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടക്‌ടർ കരഞ്ഞു മാപ്പ് പറഞ്ഞതിനാൽ കേസ് പിൻവലിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കണ്ടക്‌ടർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്.