തിരുവനന്തപുരം: കൊവിഡ് കാലം മനുഷ്യ ജീവിതം മാറ്റിമറിക്കുകയാണ്. ലോകം മുഴുവൻ അതിജീവനത്തിന്‍റെ പുതിയ വഴികൾ തേടുമ്പോൾ ഒരു മാനസികാരോഗ്യ ദിനം കൂടി കടന്നുപോകുകയാണ്.. പതിവ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ മാത്രമല്ല, ഇക്കുറി ലോകം ചർച്ച ചെയ്യുന്നത്. മഹാമാരി വിതച്ച സാമ്പത്തിക പ്രശ്നങ്ങൾ, ജീവിത ശൈലി, മാസ്‌ക് ധരിക്കലും കൈ കഴുകലും, ശാരീരിക അകലം, വീടുകളില്‍ മാത്രം ഒതുങ്ങുന്നവർ, കുട്ടികളും മുതിർന്നവരും ശീലിക്കേണ്ട പുതിയ ജീവിത മാർഗങ്ങൾ, ഓൺലൈൻ പഠനം.. ഇങ്ങനെ ഇതുവരെയുണ്ടായ ശീലങ്ങൾക്കെല്ലാം മാറ്റം സംഭവിച്ചതോടെ മാനസിക പിരിമുറുക്കങ്ങളും വർധിച്ചു.
മനസിനെ മുറുകെ പിടിക്കാം... കൊവിഡ് കാലത്തെ അതിജീവിക്കാം - അന്താരാഷ്ട്ര മാനസികാരോഗ്യ ദിനം
ഇന്ന് അന്താരാഷ്ട്ര മാനസികാരോഗ്യ ദിനം.. മാനസിക സംഘർഷത്തെ നേരിടാനും പിരിമുറുക്കങ്ങളെ അതിജീവിക്കാനും നാം കൂടുതൽ പ്രയത്നിക്കേണ്ട കാലമാണിത്. മനോധൈര്യത്തെ മുറുകെ പിടിച്ച് കൊവിഡിനെതിരെ നമുക്ക് പോരാടാം..
ദൂരെ താമസിക്കുന്ന പ്രിയപ്പെട്ടവരെ കാണാൻ സാധിക്കാതെ വയോജനങ്ങളുടെ സങ്കടങ്ങൾ, തൊഴിൽ നഷ്‌ടമായവരുടെ കണ്ണീർ, ആരിൽ നിന്നു വേണമെങ്കിലും രോഗം പകരാമെന്ന ഭീതി.. ഇതെല്ലാം കൊവിഡ് കാലം നൽകിയ മനോവേദനകളാണ്. നിലവിലെ സാഹചര്യങ്ങൾ ഉൾക്കൊള്ളാനാകാതെ വിഷാദരോഗത്തിലേക്ക് വീണുപോയവർ പോലും നമുക്കിടയിലുണ്ട്. അതേസമയം മനോഭാവത്തിൽ മാറ്റം വരുത്തി മഹാമാരിയെന്ന സത്യത്തെ ഉൾക്കൊണ്ടു മുന്നോട്ടു പോവുകയാണ് പ്രായോഗികമെന്ന് മനശാസ്‌ത്ര വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
വെല്ലുവിളികളെ സധൈര്യം നേരിടുന്നവരുടെതാണ് ലോകം. പ്രതിസന്ധികളെ അവസരങ്ങളാക്കാൻ മനസുള്ളവരെയാണ് വിജയം തേടിയെത്തുക. കൊവിഡിനു മുന്നിൽ തോൽക്കാതെ കരുത്തുറ്റ മനസുമായി ജാഗ്രതയോടെ പോരാടുകയാണ് വേണ്ടതെന്ന് ഈ മാനസികാരോഗ്യ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.