“ഞങ്ങളെ തൂക്കിലേറ്റുന്നതോടെ പാവപ്പെട്ടവരും കഷ്‌ടപ്പെടുന്നവരുമായ ലക്ഷക്കണക്കിന് തൊഴിലാളികളാൽ കെട്ടിപ്പടുത്ത തൊഴിലാളി പ്രസ്ഥാനത്തെ അടിച്ചമർത്താമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഞങ്ങളെ തൂക്കിലേറ്റുവിൻ. പക്ഷേ ഞങ്ങളിവിടെ ഒരു തീപ്പൊരി ഇടും.ആ തീപ്പൊരി ഇവിടെയും അവിടെയും നിങ്ങൾക്ക് മുന്നിലും പിന്നിലുമെല്ലാം ആളിപ്പടരും. അത് ഭൂമിക്കടിയിലെ തീയാണ്, നിങ്ങൾക്ക് ഒരിക്കലും കെടുത്താനാവാത്ത തീ” അവകാശ പോരാട്ടങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് വധശിക്ഷ വിധി കേള്‍ക്കുമ്പോള്‍ തൊഴിലാളി നേതാവ് അഗസ്റ്റസ് സ്പൈസ് കോടതി മുറിയിൽ ഉറക്കെ വിളിച്ചു പറഞ്ഞ വാക്കുകള്‍.
സംഘടിത ശക്തിയുടെയും, തൊഴിലാളി വർഗ ഐക്യത്തിന്‍റെയും കരുത്ത് ഓർമിപ്പിച്ച് ഇന്ന് മെയ് ദിനം. അമേരിക്കൽ ഐക്യനാടുകളിൽ തുടങ്ങി ലോകമെങ്ങും വർഗ സമരത്തിന്‍റെ അലയൊലികള്‍ മുഴങ്ങിയ ജ്വലിക്കുന്ന ഓർമകളാണ് ഓരോ മെയ് ദിനവും. കൊവിഡ് പിടിമുറുക്കിയ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികള്‍ ഒന്നുമില്ലാതെയാണ് ഇത്തവണ സാർവ ദേശീയ തൊഴിലാളി ദിനം കടന്നു പോകുന്നത്.
1886ൽ ചിക്കാഗോയിലെ ഹേ മാർക്കറ്റ് സ്ക്വയർ... അവകാശ പോരാട്ടങ്ങള്‍ക്കായി തൊഴിലാളികള്‍ ചിക്കാഗോയുടെ തെരുവുകളിൽ ഒത്തുകൂടി. എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം തെരുവുകളിൽ അലയടിച്ചു. എന്നാൽ യോഗം കഴിഞ്ഞ് പിരിഞ്ഞ തൊഴിലാളികളെ കാത്തിരുന്നത് പൊലീസിന്‍റെ നരനായാട്ടായിരുന്നു.
തെരുവുകളിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിർത്തു. പൊലിഞ്ഞത് ആറ് ജീവനുകള്‍. ഹേ മാർക്കറ്റ് സ്ക്വയറിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്‌മരണകൾക്ക് മുന്നിലാണ് ഓരോ തൊഴിലാളിദിനവും. നീതിക്കും വേതനത്തിനും ചിക്കാഗോയുടെ തെരുവുകളിൽ ലക്ഷങ്ങൾ അണിനിരന്നപ്പോൾ, ചിക്കാഗോ പടുത്തുയർത്തിക്കിയത് ലോകമെങ്ങും ആഞ്ഞടിച്ച തൊഴലാളി വർഗത്തിന്‍റെ സംഘശക്തിയെയാണ്. അടിമകളായിരുന്നവർ ഉയർത്തെഴുന്നേറ്റപ്പോൾ എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങി. 1889 ജൂലൈ 14 ന് പാരീസിൽ ചേർന്ന രണ്ടാം ഇൻ്റർനാഷണലിലാണ് മെയ് ദിനം സർവരാജ്യ തൊഴിലാളി ദിനമായി ആചരിക്കാൻ ലോകമെമ്പാടുമുള്ള തൊഴിലാളികളെ ആഹ്വാനം ചെയ്‌തത്.
1889 മാര്‍ച്ചിലാണ് എട്ടുമണിക്കൂര്‍ പ്രവൃത്തി സമയമാവശ്യപ്പെട്ട് ഇന്ത്യയിൽ തൊഴിലാളികള്‍ പ്രകടനം നടത്തുന്നത്. തുടർന്ന് നടന്ന നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായി 1920 ൽ ട്രേഡ് യൂണിയന്‍ അവകാശ നിയമം രൂപംകൊള്ളുകയും തൊഴിലാളി സംഘടനകൾ ദേശിയ തലത്തിൽ ശക്തമാകുകയും ചെയ്‌തു. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ വിതരണ നിയമം, ആഴ്‌ചയില്‍ ഒരു ദിവസം അവധി തൊഴില്‍ തര്‍ക്ക നിയമം , എന്നിവ നേടിയെടുക്കാനും തൊഴിലാളികള്‍ക്ക് സാധിച്ചു.
സ്വാതന്ത്ര്യാനന്തരം കുറഞ്ഞ വേതന നിയമം , ബോണസ് നിയമം, ഫാക്ടറീസ് നിയമം എന്നിങ്ങനെ തൊഴില്‍ അവകാശത്തിനും സുരക്ഷിതത്വത്തിനുമായി നിരവധി നിയമങ്ങളും ഇന്ത്യയില്‍ ഉണ്ടായി. 1927‑ലെ ഡൽഹിയിൽ ചേർന്ന എഐടിയുസി സമ്മേളനം മെയ് ദിനം ആചരിക്കാൻ ഇന്ത്യയിലെ തൊഴിലാളികളോട് ആഹ്വാനം ചെയ്തു.മറ്റൊരു മെയ്ദിനം കൂടി കടന്നുപോകുമ്പോള്‍ ലോകം ഇന്ന് കൊവിഡ് മഹാമാരിയുടെ പിടിയിലാണ്. രണ്ടാം ഘട്ട വ്യാപനത്തിൽ ലോകം വിറങ്ങലിക്കുമ്പോള്‍ അതിനെതിരെ പോരാടാനുള്ള കരുത്താകട്ടെ പുതിയൊരു മെയ് ദിനത്തിന്‍റെ ഓർമപെടുത്തലുകള്‍......