തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് 67 ചിത്രങ്ങള്‍. മലയാള ചിത്രം ഉള്‍പ്പടെ മത്സര വിഭാഗത്തില്‍ മൂന്ന് സിനിമകളാണ് ഇന്ന് മാറ്റുരയ്‌ക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത 'അറിയിപ്പ്', യുക്രൈൻ ചിത്രം 'ക്ലൊണ്ടൈക്', ഇറാന്‍ ചിത്രം 'ഹൂപ്പോ' എന്നിവയാണ് മത്സര വിഭാഗത്തിലുള്ളവ.
'അറിയിപ്പി'ന്‍റെ കേരളത്തിലെ ആദ്യ പ്രദർശനം കൂടിയാണ് മേളയിലേത്. മുർണോവ് സംവിധാനം ചെയ്‌ത ജര്‍മന്‍ ചിത്രം 'നോസ്‌ഫെറാറ്റു' വൈകിട്ട് ആറിന് ടാഗോറിൽ പ്രദർശിപ്പിക്കും. നിർമാണത്തിന്‍റെ നൂറാം വാർഷികത്തിന്‍റെ ഭാഗമായി ലൈവ് സംഗീതത്തിന്‍റെ അകമ്പടിയോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വിഖ്യാത സംഗീതജ്ഞൻ ജോണി ബെസ്‌റ്റ് ആണ് സിനിമയ്‌ക്ക് തത്സമയ സംഗീതം ഒരുക്കുന്നത്.
ലൈവ് സംഗീതത്തിന്‍റെ അകമ്പടിയോടെയാണ് ചിത്രങ്ങള്‍ അവതരിപ്പിക്കുന്നത് എന്നതാണ് ഇത്തവണത്തെ മേളയിലെ പ്രധാന ആകർഷണങ്ങളില്‍ ഒന്ന്. അന്തരിച്ച ചലച്ചിത്ര പ്രതിഭ പ്രതാപ് പോത്തൻ നായകനായ 'കാഫിർ', ഇറാനിൽ നിരോധിക്കപ്പെട്ട 'ലൈലാസ് ബ്രദേഴ്‌സ്', വീറ്റ് ഹെൽമർ ചിത്രം 'ദി ബ്രാ', റഷ്യൻ ചിത്രം 'ബ്രാറ്റൻ', 'ദി ബ്ലൂ കഫ്‌താൻ', 'പ്രിസൺ 77', 'യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്', 'ദി ഫോർ വാൾസ്', 'കൊർസാജ്', 'ട്രോപിക്' എന്നീ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.