കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാര്‍ വിവാദം; നദീജല തര്‍ക്ക വിഷയങ്ങള്‍ പരിശോധിക്കാന്‍ ത്രിതല സമിതി - കേരളം

അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍, നിലവിലുള്ള ജല ഉപദേശക സമിതിക്ക് പകരമായാണ് പുതിയ ത്രിതല സമിതി.

inter-state river water disputes  inter-state  kerala Government  Tertiary Committee  thiruvananthapuram  മുല്ലപ്പെരിയാര്‍  കേരള സര്‍ക്കാര്‍  തമിഴ്‌നാട് സര്‍ക്കാര്‍  കേരളം  തിരുവനന്തപുരം
മുല്ലപ്പെരിയാര്‍ വിവാദം കണക്കിലെടുത്ത് പുതിയ നീക്കം; നദീജല തര്‍ക്ക വിഷയങ്ങള്‍ പരിശോധിക്കാന്‍ ത്രിതല സമിതി

By

Published : Nov 10, 2021, 10:23 PM IST

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ത്രിതല സമിതിയുമായി സര്‍ക്കാര്‍. വേഗത്തിലും കൃത്യമായും തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാരിനാവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിനാണ് ത്രിതല സമിതി രൂപീകരിക്കുന്നത്. അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സില്‍, അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിങ് കമ്മിറ്റി, അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്‍ എന്നിങ്ങനെയാണ് സമിതിയുടെ ഘടന.

നിലവിലുള്ള അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമായാണ് പുതിയ സംവിധാനം. അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സിലില്‍ മുഖ്യമന്ത്രി ചെയര്‍മാനും ജലവിഭവ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും. വനം വകുപ്പ്, ഊര്‍ജവകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാണ്. നിര്‍ദിഷ്‌ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എം.എല്‍.എമാരും രണ്ട് എം.പിമാരും അംഗങ്ങളായിരിക്കും. ഇവരെകൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും മെമ്പര്‍മാരാകും.

സൂക്ഷ്‌മ നിരീക്ഷണവും നിര്‍ദേശവും സമിതിയുടെ ചുമതല

അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ കേരളത്തിന്‍റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ കൗണ്‍സില്‍ എടുക്കും. സുപ്രീംകോടതിയില്‍ അല്ലെങ്കില്‍ അന്തര്‍ സംസ്ഥാന നദീജല ട്രൈബ്യൂണലില്‍ വരുന്ന കേസുകള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സമിതി സ്വീകരിക്കും. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതികളുടെ നിര്‍മാണവും പ്രവര്‍ത്തനവും സൂക്ഷ്‌മമായി നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കലും സമിതിയുടെ ചുമതലയാണ്.

ചീഫ് സെക്രട്ടറി ചെയര്‍മാനായ അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിങ് കമ്മിറ്റിയില്‍ ജലവിഭവ, ഊര്‍ജ, റവന്യൂ, വനം, കൃഷി, നിയമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളാവും. കെ.എസ്.ഇ.ബി ചെയര്‍മാനും അന്തര്‍ സംസ്ഥാന നദീജല ചീഫ് എന്‍ജിനീയറും അംഗങ്ങളായിരിക്കും. അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനസമിതിയെ സഹായിക്കലാണ് മോണിറ്ററിങ് കമ്മിറ്റിയുടെ ചുമതല. നദീജല കരാറുകള്‍ സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇടപെടലുകള്‍ ഉറപ്പാക്കലും ചുമതലയാണ്.

ALSO READ:മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കി

അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ ആവശ്യമായ നിയമോപദേശം സ്ട്രാറ്റജിക്ക് കമ്മിറ്റിക്കും മോണിറ്ററിങ് കമ്മിറ്റിക്കും നല്‍കുകയാണ് അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്ലിന്‍റെ ചുമതല. മുല്ലപ്പെരിയാറില്‍ ബേബിഡാം ശക്തിപ്പെടുത്തലിന് മരങ്ങള്‍ മുറിക്കാന്‍ തമിഴിനാടിന് അനുമതി നല്‍കിയുള്ള വിവാദ ഉത്തരവ് സംബന്ധിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയാതെ ഉദ്യോഗസ്ഥ തലത്തിലെടുത്ത തീരുമാനമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ ത്രിതല സമിതി.

ABOUT THE AUTHOR

...view details