തിരുവനന്തപുരം:കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പാറശാല ഡിപ്പോയിൽ എംഡി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ഓഫിസ് പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സൂപ്രണ്ട് കല കെ നായർ, ജൂനിയർ അസിസ്റ്റൻ്റ് സുമി ആർ.എസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
പാറശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ പരിശോധന; സൂപ്രണ്ടിനും ജൂനിയർ അസിസ്റ്റൻ്റിനും സ്ഥലംമാറ്റം
കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ സൂപ്രണ്ട് കല കെ നായർ, ജൂനിയർ അസിസ്റ്റൻ്റ് സുമി ആർ.എസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
കലയെ മുവാറ്റുപുഴ യൂണിറ്റിലേക്കും സുമിയെ എറണാകുളം യൂണിറ്റിലേക്കുമാണ് സ്ഥലംമാറ്റിയത്. പരിശോധനയിൽ ഒരു മാസം സാലറി ബിൽ തയാറാക്കുന്നതിന് 16 ഫിസിക്കൽ ഡ്യൂട്ടി വേണമെന്നിരിക്കെ 16 ഡ്യൂട്ടിയില്ലാത്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതായി കണ്ടെത്തി.
അറ്റൻഡൻസ് രജിസ്റ്ററിൽ നിരവധി തിരുത്തലുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ (വിജിലൻസ്) അന്വേഷണം നടത്തണമെന്നും വീഴ്‌ചകൾ കാരണം കോർപ്പറേഷന് ഉണ്ടായ സാമ്പത്തിക നഷ്‌ടം സഹിതമുള്ള റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും എംഡി ബിജു പ്രഭാകർ ഉത്തരവിട്ടു.