തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് വില്ലേജ് ഫീല്‍ഡ് അസിസ്‌റ്റന്‍റ് വി സുരേഷ് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്ന് സംസ്ഥാനത്താകമാനമുള്ള വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന. റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരം റവന്യു വകുപ്പിലെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്ന് സംസ്ഥാനത്താകമാനമുള്ള വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കൂടാതെ ലാന്‍റ് റവന്യൂ കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘവും പരിശോധന നടത്തി. 41 ഓഫിസുകളിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്തെ 12 ജില്ലകളില്‍ 14 ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് നാളെയാകും സമര്‍പ്പിക്കുക. പരിശോധനക്ക് പിന്നാലെ സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും മതിയായ കാരണങ്ങള്‍ ഇല്ലാതെ നല്‍കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ലാന്‍റ് റവന്യൂ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് നടപടികള്‍: സംസ്ഥാനത്ത് നിലവില്‍ മൂന്ന് മേഖല റവന്യു വിജിലന്‍സ് ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഇതോടൊപ്പം കമ്മിഷണറേറ്റിലെയും കലക്‌ടറേറ്റുകളിലെയും പരിശോധന വിഭാഗങ്ങള്‍ ശക്തമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ജീവനക്കാരെ ചുമതലപ്പെടുത്തും.
ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കി അഴിമതിയെ നേരിടാനാണ് ശ്രമം. ഇ-സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങളെ പ്രാപ്‌തരാക്കുന്നതിലൂടെ മാത്രമാകും അഴിമതിയെ ഫലപ്രദമായി നേരിടാനാവുക എന്നാണ് പ്രതീക്ഷ. ഇ-സാക്ഷരത എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഇതിനായി കാര്യക്ഷമമാക്കും.