തിരുവനന്തപുരം : പുതിയ സാമ്പത്തിക വര്‍ഷത്തിന് നാളെ തുടക്കമാകുമ്പോള്‍ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ വിലക്കയറ്റത്തിന്‍റെ നാളുകള്‍. പുതിയ നികുതി മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പനി വന്നാല്‍ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഓടിച്ചെന്ന് വാങ്ങുന്ന പാരസെറ്റമോള്‍ മുതല്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് വരെ വില കൂടും.
വെള്ളത്തിനും വേണം അധികം പണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 5000 ലിറ്റര്‍ മുതല്‍ 15000 ലിറ്റര്‍ വരെ ഉള്ള സ്ലാബുകളിലെ വില വര്‍ധനവ് സാധാരണക്കാരെ കാര്യമായി ബാധിക്കും. 5000 ലിറ്റര്‍ വരെ ലിറ്ററിന് 4 രൂപ 20 പൈസയായിരുന്നത് 4 രൂപ 41 പൈസയായി കൂടും. 10,000 ത്തിനും 15,000 ത്തിനും ഇടയിലാണ് ഉപയോഗമെങ്കില്‍ നിലവിലെ നിരക്ക് 5 രൂപ 25 പൈസയാണ്. ഇത് 5 രൂപ 51 പൈസയായി വര്‍ധിക്കും.
ഭൂനികുതിയിലും ന്യായവിലയിലും വലിയ വര്‍ധനവുണ്ടാകും. ഗ്രാമപഞ്ചായത്തുകളില്‍ 8.1 ആര്‍ വരെയുള്ള താഴ്ന്ന സ്ലാബുകളിലെ ഭൂനികുതി നിലവില്‍ 2.5 രൂപയാണ്. നാളെ മുതല്‍ ഇത് ഇരട്ടിയാകും. ഭൂമിയുടെ ന്യായവിലയില്‍ 10% വര്‍ധനവാണ് വരുന്നത്. ഇതിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവയിലും വര്‍ധനവുണ്ടാകും. നിരക്ക് കൂടും മുന്‍പ് രജിസ്ട്രേഷന്‍ നടത്താന്‍ വലിയ തിരക്കാണ് രജിസ്റ്റര്‍ ഓഫിസുകളില്‍.