തിരുവനന്തപുരം:എ ഐ കാമറ പദ്ധതിയിലെ അഴിമതി ആരോപണത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അംഗീകരിക്കാതെ വ്യവസായ വകുപ്പ്. റിപ്പോർട്ട് അംഗീകരിക്കുമ്പോൾ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടാൽ അത് പുറത്തുവിടേണ്ടി വരും. ഇതേ തുടർന്നാണ് റിപ്പോർട്ട് അംഗീകരിക്കുന്നത് വൈകുന്നതെന്നാണ് സൂചന.
റിപ്പോർട്ട് സമർപ്പിച്ചിട്ട് ഇന്ന് കൃത്യം ഒരാഴ്‌ച പിന്നിടുകയാണ്. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റിപ്പോർട്ട് അംഗീകരിക്കുകയുള്ളു എന്നാണ് വ്യവസായ വകുപ്പിൻ്റെ വാദം. എ ഐ കാമറ വിവാദത്തിൽ കരാറുകാരായ കെൽട്രോണിനെ പൂർണമായും വെള്ള പൂശുന്ന റിപ്പോർട്ട് ആണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പിന് കൈമാറിയത്.
കെൽട്രോൺ എസ്ആർഐടി കമ്പനിക്കാണ് കരാർ നൽകിയത്. എന്നാൽ എസ്ആർഐടി ഉപകരാർ നൽകിയ കമ്പനികളുടെ പേരുകൾ പരസ്യപ്പെടുത്തിയത് വീഴ്‌ചയാണെന്ന് മാത്രമാണ് റിപ്പോർട്ടിൽ പറയുന്ന ഏക വിമർശനം. ഭാവിയിൽ ഉപകരാറുകാർ കെൽട്രോണിൻ്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജുണ്‍ അഞ്ച് മുതൽ പിഴ: അതേസമയം എ ഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂണ്‍ അഞ്ചിന് മുൻപ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി സമഗ്ര കരാർ ഒപ്പിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാമറകളുടെ പ്രവർത്തനം പരിശോധിക്കാൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ വിദഗ്‌ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.