ഇന്ത്യൻ നീന്തൽ താരം ഒളിമ്പ്യൻ സാജൻ പ്രകാശ് തിരുവനന്തപുരം: ഇന്ത്യൻ കായിക രംഗത്തിലെ പരിശീലന ചുറ്റുപാടുകളും സൗകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ നീന്തൽ താരം ഒളിമ്പ്യൻ സാജൻ പ്രകാശ്. അത്‌ലറ്റിക്‌സിന്‍റെ പെർഫോമൻസ് ലോക നിലവാരത്തിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വലിയ വിജയം നേടിയെങ്കിലും ഒളിമ്പിക്‌സിൽ കൂടുതൽ പരിശ്രമിക്കേണ്ടി വരും.
ഇതിനായി ഇന്ത്യയിൽ കായിക താരങ്ങൾക്ക് വേണ്ടത്ര പരിശീലന സൗകര്യങ്ങളില്ല. എങ്കിലും എല്ലാവരും നല്ല പ്രതീക്ഷയിലാണെന്നും ഒളിമ്പിക്‌സ് യോഗ്യതയ്‌ക്കുള്ള പരിശീലനത്തിലാണ് സഹപ്രവർത്തകരെന്നും സാജൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.
ഇന്ത്യയ്ക്കായി വിവിധ ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ മുങ്ങിയെടുത്ത ഒളിംപ്യൻ സാജൻ പ്രകാശ് 2024 ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ 200 ബട്ടർ ഫ്ലൈ സ്ട്രോക്കിൽ നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ്. 10 മാസത്തെ പരിശീലനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ഇ ടി വിയുമായി സംസാരിക്കുകയായിരുന്നു ഇന്ത്യൻ അഭിമാന താരം.
ഏഷ്യൻ ഗെയിംസും ഒളിമ്പിക്‌സും തമ്മിൽ വലിയ അന്തരമുണ്ട്. വിജയത്തിനായി ഇനിയും തയ്യാറെടുപ്പുകൾ വേണമെന്ന് സാജൻ പ്രകാശ് പറയുന്നു. ഇന്ത്യൻ കായിക താരങ്ങൾക്കായുള്ള പരിശീലന നടപടികളും പരിശീലന ചുറ്റുപാടുകളും സൗകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തണം. അത്ലറ്റിക്‌സുകൾ ഇപ്പോഴും ലോക നിലവാരത്തിലേക്ക് എത്തിയിട്ടില്ല. നീന്തൽ പരിശീലനങ്ങൾക്ക് നാഷണൽ സ്വിമ്മിങ് ട്രെയിനിങ് സെന്‍റർ പോലുള്ള കൂടുതൽ പരിശീലന കേന്ദ്രങ്ങൾ വരേണ്ടതുണ്ട്. ഭാവിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also read: ഇന്ത്യയിലൊരു ഒളിമ്പിക്‌സ്, വേണ്ടത് ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ