തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി നടപ്പാക്കല്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയവ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായെന്ന ആരോപണമുന്നയിച്ച് മുൻ കേന്ദ്രമന്ത്രി പള്ളം രാജു. ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:വാക്‌സിനേഷനില്‍ റെക്കോഡിട്ട് ഇന്ത്യ; വിതരണം ചെയ്‌തത് 96 കോടി ഡോസുകള്‍
സമ്പദ് വ്യവസ്ഥയുടെ തകർച്ചയാണ് നരേന്ദ്ര മോദി സർക്കാരിന്‍റെ ട്രേഡ് മാര്‍ക്. രാജ്യത്തിന്‍റെ നിയന്ത്രണ രേഖയ്ക്കുള്ളിലെ പ്രദേശങ്ങൾ ചൈന കൈവശപ്പെടുത്തുന്നു. ഈ സാഹചര്യം മോദി സർക്കാരിന്‍റെ വിദേശനയത്തിന്‍റെ കടുത്ത പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
പ്രതിപക്ഷവുമായി അർഥവത്തായ കൂടിയാലോചനകള്‍ക്ക് കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. മൂന്ന് കാർഷിക നിയമങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താതെയാണ് തീരുമാനം കൈക്കൊണ്ടത്.
ഈ നിയമങ്ങളില്‍ കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്രം നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. രാജ്യത്തിന്‍റെ ഭാവി, രാഷ്ട്രത്തെ വിഭജിക്കുന്ന ശക്തികൾ, പരാജയപ്പെടുന്ന സമ്പദ്‌വ്യവസ്ഥ, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് കോൺഗ്രസിന് ആശങ്കയുണ്ടെന്നും രാജു പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, ശശി തരൂര്‍ എം.പി എന്നിവരും മുന്‍ കേന്ദ്ര മന്ത്രിയ്‌ക്കൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.