തിരുവനന്തപുരം: തേനീച്ച കര്‍ഷകര്‍ക്ക് ആനന്ദം പകരുന്ന പുതിയ കണ്ടുപിടിത്തവുമായി കേരളത്തിലെ കാര്‍ഷിക ഗവേഷണ രംഗത്തിന് പുതു നേട്ടം. ഏകദേശം 220 വര്‍ഷത്തിനു ശേഷമാണ് പുതിയ ഇനം തേനീച്ചയെ ഇന്ത്യയില്‍ കണ്ടെത്തുന്നതെന്നതാണ് ഈ ഗവേഷണത്തെ കൂടുതല്‍ സവിശേഷമാക്കുന്നത്. പശ്ചിമ ഘട്ടമേഖലയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് കറുത്ത നിറമുള്ള തേനീച്ചയെ കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ബ്ലാക്ക് ഹണീബീ ഫ്രം കേരള.. കാര്‍ഷിക ഗവേഷണ രംഗത്തിന് നേട്ടവുമായി പുതിയ ഇനം തേനീച്ചയെ കണ്ടെത്തി ഗവേഷണവും ഗവേഷകരും: 'ഇന്ത്യന്‍ ബ്ലാക്ക് ഹണീബീ' (Indian Black Honey Bee) എന്ന പൊതു നാമത്തില്‍ അറിയപ്പെടുന്ന ഈ പുതിയ തേനീച്ച വര്‍ഗത്തിന്‍റെ ശാസ്‌ത്രനാമം എപ്പിസ് കരിഞൊടിയന്‍ എന്നാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ തിരുവനന്തപുരം കരമന സംയോജിത കൃഷി ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ഷാനാസ്, ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലെ ജന്തുശാസ്‌ത്ര വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥി ജി.അഞ്‌ജു കൃഷ്‌ണന്‍, കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.കെ.മഷ്‌ഹൂര്‍ എന്നിവരുള്‍പ്പെട്ട ഗവേഷകരാണ് പുതിയ ജീവി വര്‍ഗത്തെ കണ്ടെത്തിയത്. 1798ല്‍ ഡെന്‍മാര്‍ക്ക് ശാസ്‌ത്രജ്‌ഞനായ ജോഹാന്‍ ക്രിസ്‌ത്യന്‍ ഫാബ്രിഷ്യസ് കണ്ടെത്തിയ എപിസ് ഇന്‍ഡിക്ക അഥവാ മഞ്ഞ ഞൊടിയന്‍ എന്ന ഇനം തേനീച്ചയാണ് അവസാനമായി കണ്ടെത്തിയത്.
ഇന്ത്യന്‍ ബ്ലാക്ക് ഹണീബീ ചിത്രങ്ങൾ ഇന്ത്യയിലെ മൂന്നാമൻ: പുതിയ ഇനം കൂടി കണ്ടെത്തിയതോടെ ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയ തേനീച്ച ഇനങ്ങളുടെ എണ്ണം മൂന്നും ലോകത്ത് ഇതുവരെ കണ്ടെത്തിയ തേനീച്ച ഇനങ്ങളുടെ എണ്ണം 11ഉം ആയി. എപിസ് ഇന്‍ഡിക്ക അഥവാ കേരളത്തില്‍ വ്യാപകമായി വളര്‍ത്തുന്ന മഞ്ഞ ഞൊടിയന്‍, എപിസ് സെറാന അഥവാ ഉത്തരേന്ത്യയില്‍ വ്യാപകമായി കൃഷി ചെയ്യുന്ന വെള്ള ഞൊടിയന്‍ എന്നിവയാണ് ഇതുവരെ ഇന്ത്യയില്‍ ഉണ്ടായിരുന്ന തേനീച്ച ഇനങ്ങള്‍. ഇപ്പോള്‍ കണ്ടെത്തിയ എപിസ് കരിഞൊടിയന്‍ കൂടി എത്തുന്നതോടെ ഇന്ത്യയിലെ തേനീച്ച ഇനങ്ങള്‍ മൂന്നാകുകയാണ്.
ഇന്ത്യന്‍ ബ്ലാക്ക് ഹണീബീ ചിത്രങ്ങൾ കച്ചവടത്തിൽ കർഷകർക്ക് പുതു പ്രതീക്ഷ:വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒരിനമാണ് കറുത്ത തേനീച്ചകള്‍ എന്നു മാത്രമല്ല, ഇവയ്‌ക്ക് 30 കിലോഗ്രാം തേന്‍ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരുന്ന തേനീച്ചകള്‍ക്ക് രണ്ട് മുതല്‍ പത്ത് കിലോഗ്രാം വരെ തേന്‍ ഉത്‌പാദിപ്പിക്കാനുള്ള ശേഷി മാത്രമുള്ളപ്പോഴാണ് പുതിയ ഇനം തേനീച്ചകള്‍ കര്‍ഷകര്‍ക്ക് പുതു പ്രതീക്ഷയാകുന്നത്.
ഇന്ത്യന്‍ ബ്ലാക്ക് ഹണീബീ ചിത്രങ്ങൾ ഗവേഷണത്തിന്‍റെ നാൾവഴികൾ: ഇത്തരം ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക ജേര്‍ണലായ എന്‍റമോണിന്‍റെ സെപ്‌റ്റംബര്‍ ലക്കത്തില്‍ ഗവേഷണ പഠനം പ്രസിദ്ധീകരിച്ചത് ഗവേഷണത്തിനുള്ള അന്താരാഷ്‌ട്ര അംഗീകാരമായാണ് ഗവേഷകര്‍ കരുതുന്നത്. മൈറ്റോ കോണ്‍ഡ്രിയല്‍ ഡി.എന്‍.എ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് പുതിയ തേനീച്ചകളുടെ വര്‍ഗ സ്ഥിതി സ്ഥിരീകരിച്ചത്. ഈ പഠനത്തില്‍ നിലവിലുള്ള രണ്ട് ഇനം തേനീച്ചകളില്‍ നിന്നും പുതിയ ഇനം തേനീച്ച ഗണ്യമായ ജനിതക വ്യതിയാനം കാണിക്കുന്നതായി കണ്ടെത്തി. കര്‍ണാടക, ഗോവ, കേരളം, തമിഴ്‌നാടിന്‍റെ പശ്ചിമഘട്ട മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്.
ഇന്ത്യന്‍ ബ്ലാക്ക് ഹണീബീ ചിത്രങ്ങൾ നിലവിലെ തേനീച്ചകളില്‍ നിന്ന് വ്യത്യസ്‌തമാണ് പുതുതായി കണ്ടെത്തിയ തേനീച്ചകളുടെ പരിപാലനമെന്ന് ഗവേഷണ സംഘത്തിലുണ്ടായിരുന്ന ഡോ.ഷാനാസ് ഇടിവി ഭാരതിനോടു പറഞ്ഞു. ഇവ 30 കിലോഗ്രാം വരെ തേന്‍ ഉത്‌പാദിപ്പിക്കുമെന്ന അനുഭവം ഇടുക്കിയിലെ ചില കര്‍ഷകര്‍ പങ്കുവച്ചിട്ടുണ്ടെന്നും ഇവയുടെ തേനിന് കട്ടിവളരെ കൂടുതലും ജലാംശം വളരെ കുറവുമാണ് എന്നത് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ പകരുന്നതാണെന്നും ഷാനാസ് പറഞ്ഞു.
ഇന്ത്യന്‍ ബ്ലാക്ക് ഹണീബീ ചിത്രങ്ങൾ