തിരുവനന്തപുരം : ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ (India vs Australia T20I Series) രണ്ടാം മത്സരത്തിനായി ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിശാഖപട്ടണത്ത് നിന്നും പ്രത്യേക വിമാനത്തില്‍ വൈകുന്നേരം ആറരയോടെയാണ് ടീമുകള്‍ എത്തുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ (Karyavattom Sports Hub Stadium) ഞായറാഴ്‌ച (നവംബര്‍ 26) ആണ് പരമ്പരയിലെ രണ്ടാം മത്സരം.
താജ് വിവാന്ത, ഹയാത്ത് എന്നീ ഹോട്ടലുകളിലാണ് ഇരു ടീമുകളുടെയും താമസം. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന ഇരു ടീമുകളും നാളെ (നവംബര്‍ 25) പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ 4 മണി വരെ ഓസ്‌ട്രേലിയയും വൈകിട്ട് 5 മണി മുതൽ 8 മണി വരെ ഇന്ത്യയും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്.
ഞായറാഴ്‌ച രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വൈകുന്നേരം അഞ്ച് മുതല്‍ ആരാധകരെ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങും. 27നാണ് ടീമുകള്‍ പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഗുവാഹത്തിയിലേക്ക് തിരിക്കുന്നത്.
അതേസമയം, മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന പേടിഎം ഇന്‍സൈഡര്‍ (Paytm Insider) വഴി പുരോഗമിക്കുകയാണ്. എല്ലാവിധ ടാക്‌സും ഉള്‍പ്പടെ അപ്പര്‍ ടയറിന് 750 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യുട്ടീവ് പവലിയന് ഭക്ഷണം ഉള്‍പ്പടെ 5000 രൂപയും റോയല്‍ പവലിയന് 10,000 രൂപയുമാണ് നിരക്ക് (India vs Australia 2nd T20I Match Ticket Price).