തിരുവനന്തപുരം: ഇന്ത്യ - ഓസ്ട്രേലിയ ഗ്ലാമർ ടി20 പോരാട്ടത്തിനൊരുങ്ങി തലസ്ഥാനം (India vs Australia 2nd T20I). നാളെ (നവംബര്‍ 26) നടക്കാനിരിക്കുന്ന രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം (Karyavattom Greenfield Stadium). പിച്ചും ഔട്ട്ഫീൽഡും പൂർണ സജ്ജം. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചിൽ വെടിക്കെട്ട് പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഒന്നര മാസങ്ങൾക്ക് മുൻപ് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായി സ്റ്റേഡിയം സജ്ജമാക്കിയതിനാൽ ഇക്കുറി കാര്യമായ അറ്റകുറ്റപ്പണികൾ വേണ്ടിവന്നില്ല. മാണ്ഡ്യ ക്ലേയിലെ പിച്ചാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ച് ആയതിനാൽ റൺസ് ഒഴുകുമെന്നാണ് അധികൃതർ പറയുന്നത്.
ഔട്ട് ഫീൽഡിലെ മിനുക്കുപണികളും പൂർത്തിയായി. ഇരിപ്പിടങ്ങൾ കഴുകി വൃത്തിയാക്കി. മൈതാനത്തിന് ചുറ്റും പരസ്യം പതിപ്പിക്കുന്നതിന് എൽഇഡി വാളുകളും സജ്ജീകരിച്ചു.
മൈതാനത്തിലേക്കുള്ള പ്രവേശന കവാടത്തിലെ സുരക്ഷ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്ന ജോലിയും അവസാനഘട്ടത്തില്‍. ബിസിസിഐ അധികൃതർ എത്തി പിച്ചും സ്റ്റേഡിയത്തിലെ ഒരുക്കങ്ങളും വിലയിരുത്തി.
ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ഇരു ടീമുകളും ഇന്ന് പരിശീലനത്തിന് ഇറങ്ങി. ഓസ്ട്രേലിയ ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണിവരെയും ഇന്ത്യ 5 മണി മുതൽ 8 മണിവരെയുമാണ് പരിശീലനത്തിറങ്ങുക. ഇന്ത്യക്ക് ഹോട്ടൽ ഹയാത്ത് റീജൻസിയിലും ഓസ്ട്രേലിയയ്ക്ക് താജ് വിവാന്തയിലുമാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.