തിരുവനന്തപുരം: ഒരു മാലദ്വീപ് നിവാസിയില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പഴയ റോഡ് തെരുവ് ഒരിക്കലും കാണാനാകില്ല. തങ്ങളുടെ നാടുപോലെ ഇവിടുത്തെ കച്ചവടക്കാരെയും ഹോട്ടലുകാരെയും മാലിക്കാര്‍ക്ക് പരിചിതമാണ്. മാലദ്വീപിന്റെ തലസ്ഥാനമായ മാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കഷ്ടിച്ച് ഒരു മണിക്കൂര്‍ യാത്രാ ദൂരമേയുള്ളൂവെങ്കിലും ഇപ്പോഴത്തെ സംഭവങ്ങള്‍ കേരള തലസ്ഥാനത്തുള്ള മാലദ്വീപ് നിവാസികളില്‍ വല്ലാത്ത ഭയപ്പാടും ആശങ്കയുമാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
പക്ഷേ ഇതു സംബന്ധിച്ച് ഒരു പരസ്യ പ്രതികരണത്തിന് അവരാരും മുതിരുന്നില്ല. ഏകദേശം രണ്ടായിരത്തിനടുത്തുള്ള മാലി നിവാസികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പഴയ റോഡിനും സമീപത്തുമായി താമസിക്കുന്നത്. ഇവരാരും സ്ഥിരമായി ഇവിടെ താമസിക്കുന്നവരല്ല. ചികിത്സയ്ക്കും ഷോപ്പിംഗിനുമായി എത്തുന്നവരാണ്. തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് വിവിധ ആശുപത്രികളിലും കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട വിദഗ്ദ ചികിത്സ ലഭിക്കുന്നു എന്നതാണ് മാലിക്കാരെ ഇവിടേക്കാകര്‍ഷിക്കുന്നത്. തങ്ങളുടെ രാജ്യത്ത് ഇത്രയും മെച്ചപ്പെട്ട ചികിത്സ ലഭ്യമല്ലെന്നു മാത്രമല്ല, അഥവാ ലഭിക്കണമെങ്കില്‍ കേരളത്തില്‍ മുടക്കുന്നതിന്റെ പതിന്മടങ്ങ് മുടക്കണം. അതിനാല്‍ പലരും ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ഇവിടെ വന്നു പോകുന്നു. മാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനും തിരിച്ചു പോകുന്നതിനും ഏകദേശം 35000 രൂപ വിമാന ടിക്കറ്റിനത്തില്‍ ചെലവാകും. അതിനാല്‍ മിക്ക ആളുകള്‍ക്കും ഇവിടെ ഹ്രസ്വമായ തമാസമായിരിക്കും. മാലിക്കാര് ധാരാളമായി എത്തുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പഴയ റോഡ്, കുമാരപുരം എന്നിവിടങ്ങളിലാണ്. ഇവിടെ ഇവര്‍ക്ക് അനുയോജ്യമായ ഭക്ഷണവും താമസ സൗകര്യവും നല്കുന്ന ഹോട്ടലുകള്‍ ധാരളമുണ്ട്.
മാലിക്കാര് വ്യാപകമായി തിരുവനന്തപുരം തിരഞ്ഞെടുക്കുന്നു എന്നതു കൊണ്ടു തന്നെ തിരുവനന്തപുരത്ത് ഒരു മാലി കോണ്‍സലേറ്റും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്തബറില്‍ മാലിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മാലി കോണ്‍സുലേറ്റില്‍ മാലി പൗരന്മാര്ക്ക് വോട്ടെടുപ്പിനുള്ള സൗകര്യം പോലും ഒരുക്കിയിരുന്നു. അത്രയേറെ ഇന്ത്യയുമായി പരമ്പരാഗത സൗഹൃദമുള്ള ഒരു രാജ്യവും രാജ്യത്തെ ജനങ്ങളുമുള്ളിടത്തു നിന്നാണ് വളരെ വേഗം കാര്യങ്ങള്‍ മാറി മറിയുന്നത്. കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരത്തും കൊച്ചിയിലും ചികിത്സക്കായി എത്തിയ മാലദ്വീപ് നിവാസികള്‍ നിലവിലെ സാഹചര്യം വളരെ സൂക്ഷമമായാണ് വിലയിരുത്തുന്നത്.