കേരളം

kerala

ETV Bharat / state

വന്ദേഭാരതിന്‍റെ മുന്‍ഗാമികളില്‍ രാജധാനി മുതല്‍ ദുരന്തോ വരെ; 'ഇതൊക്കെ മറന്നോ', സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവം

ട്രെയിന്‍ ഗതാഗതത്തില്‍ നിരവധി 'വേഗ' പരീക്ഷണങ്ങളാണ് രാജ്യത്ത് നടന്നത്. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ ലഭിച്ച സാഹചര്യത്തില്‍ മുന്‍പേ ട്രാക്കിലോടിയ ഹൈസ്‌പീഡ് ട്രെയിനുകളെക്കുറിച്ച് നോക്കാം...

india high speed trains before vande bharat  high speed trains before vande bharat  india high speed trains  രാജധാനി മുതല്‍ ദുരന്തോ വരെ
രാജധാനി മുതല്‍ ദുരന്തോ വരെ

By

Published : Apr 14, 2023, 9:23 PM IST

തിരുവനന്തപുരം:അതിവേഗ റെയില്‍വേ ശ്രേണിയിലെ പുത്തന്‍ തലമുറമാറ്റമായ വന്ദേഭാരതില്‍ കേരളത്തിലെ ചര്‍ച്ചകള്‍ ചുറ്റിത്തിരിയുമ്പോള്‍ വിസ്‌മൃതമാകുന്നത് ആരംഭകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന അതാതുകാലത്തെ റെയില്‍വേയുടെ വേഗ പരീക്ഷണങ്ങളായിരുന്നു. ആദ്യ അതിവേഗ തീവണ്ടി എന്ന നിലയില്‍ ബിജെപി റെയില്‍വേയെ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത് ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റത്തിന്‍റെ സ്വാഭാവിക പരിണാമം എന്നാണ്. ശാസ്ത്ര സാങ്കേതിക രംഗം ഇത്രയധികം കുതിച്ചുയരും മുന്‍പേ മെച്ചപ്പെട്ട ലക്ഷ്വറി സൗകര്യങ്ങളോടെയുള്ള അതിവേഗ ട്രെയിനുകള്‍ ഇറക്കാന്‍ റെയില്‍വേയ്‌ക്ക് കഴിഞ്ഞിരുന്നു.

ALSO READ |കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് എക്‌സ്‌പ്രസ് ; ചെന്നൈയിൽ നിന്ന് റാക്കുകൾ ഇന്ന് എത്തും, ഫ്ലാഗ് ഓഫ് ഏപ്രില്‍ 25ന്

ഇതിനെയൊക്കെ തീര്‍ത്തും വിസ്‌മൃതമാക്കിയാണ് വന്ദേഭാരതിനെ വല്ലാതെ കൊട്ടിഘോഷിക്കുന്നതെന്ന ആരോപണം ശക്തമാണ്. 1969ല്‍ ആരംഭിച്ച അതിവേഗ ട്രെയിനായ രാജാധാനി മുതല്‍ പാവപ്പെട്ടവര്‍ക്ക് വേഗയാത്രയും കുറഞ്ഞയാത്രക്കൂലിയുമായി ആരംഭിച്ച ഗരീബ്‌ രഥ് വരെ ചര്‍ച്ചയാകുന്നത് ഈ സാഹചര്യത്തിലാണ്. ഈ തീവണ്ടികളെയൊക്കെ നിങ്ങള്‍ മറന്നോ എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്.

രാജധാനി എക്‌സ്പ്രസ്:ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ രാജ്യ തലസ്ഥാനവുമായി വേഗത്തില്‍ ബന്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1969-70 കാലത്തെ റെയില്‍വേ ബജറ്റ് പ്രഖ്യാപനമായിരുന്നു രാജധാനി എക്‌സ്പ്രസ്. ചുരുക്കിപ്പറഞ്ഞാല്‍ അന്നത്തെ വന്ദേഭാരത്. അതുവരെ ഇന്ത്യന്‍പാളങ്ങളിലോടിയ ട്രെയിനുകളില്‍ അതിവേഗ തീവണ്ടി എന്ന സ്ഥാനം ആദ്യമായി നേടുന്നത് രാജധാനിയായിരുന്നു. പൂര്‍ണമായും ശീതികരിച്ച തീവണ്ടിയുടെ ആദ്യ സര്‍വീസ് 1969 മാര്‍ച്ച് ഒന്നിന് ന്യൂഡല്‍ഹിയില്‍ നിന്ന് ഹൗറയിലേക്കായിരുന്നു. വൈകിട്ട് 5.30ന് പുറപ്പെട്ട തീവണ്ടി പിറ്റേ ദിവസം രാവിലെ 10.30ന് ഹൗറയിലെത്തി.

മണിക്കൂറില്‍ പരമാവധി 120 കിലോമീറ്ററായിരുന്നു ട്രെയിനിന്‍റെ വേഗം. 1972ല്‍ മുംബൈയിലേക്ക് രണ്ടാമത്തെ രാജധാനി എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് 24 നഗരങ്ങളിലേക്കും തിരിച്ചും രാജധാനി എക്‌സ്പ്രസ് ഇന്ന് വിജയകരമായി സര്‍വീസ് നടത്തുന്നു. സുഖകരമായ യാത്രയും രുചികരമായ ഭക്ഷണവും യാത്രക്കാര്‍ക്കിടയില്‍ ഇന്നും രാജധാനിയെ രാജകീയ പരിവേഷത്തില്‍ നിലനിര്‍ത്തിയിരിക്കുന്നു.

ശതാബ്‌ദി എക്‌സ്പ്രസ്:ഇന്ത്യന്‍ റെയില്‍വേയുടെ മറ്റൊരു അതിവേഗ തീവണ്ടിയായിരുന്നു 1988 ല്‍ ആരംഭിച്ച ശതാബ്‌ദി എക്‌സ്പ്രസ് എന്ന പകല്‍ വണ്ടി. മെട്രോപൊളിറ്റന്‍ നഗരങ്ങളെ അതിവേഗത്തില്‍ ബന്ധിക്കാനുള്ള ട്രെയിന്‍ എന്ന നിലയില്‍ ആരംഭിച്ച ശതാബ്‌ദി എക്‌സ്പ്രസ്, അതിവേഗം സൂപ്പര്‍ ഹിറ്റായി. പൂര്‍ണമായും ശീതീകരിച്ച ട്രെയിന്‍ രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മശതാബ്‌ദിയുടെ സ്‌മരണാര്‍ഥമാണ് ആരംഭിച്ചത്. വന്ദേഭാരത് പോലെ തന്നെ പൂര്‍ണമായും ശീതീകരിച്ചതും ഉയര്‍ന്ന വരുമാനക്കാരായ യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതുമായ ശതാബ്‌ദി എക്‌സ്പ്രസ് റെയില്‍വേയുടെ അതിവേഗ തീവണ്ടികളില്‍ ഇന്നും ശ്രദ്ധേയമാണ്.

ഗരീബ് രഥ്:പാവപ്പെട്ടവന്‍റെ രഥം എന്ന അര്‍ഥത്തില്‍ 2005ലെ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ചതാണ് ഗരീബ് രഥ് എക്‌സ്പ്രസ്. പാവപ്പെട്ടവര്‍ക്ക് എസി കോച്ചുകളില്‍ സാധാരണ എസി കംപാര്‍ട്ടുമെന്‍റിന്‍റെ മൂന്നിലൊന്ന് നിരക്കില്‍ യാത്ര സാധ്യമാക്കുന്നതിനാണ് അന്നത്തെ യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ഈ ട്രെയിന്‍ പ്രഖ്യാപിച്ചത്. മുഴുവന്‍ കോച്ചുകളും മുന്നാം ക്ലാസ് എസി കംപാര്‍ട്ട്‌മെന്‍റുകള്‍. പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്റര്‍. ഇന്ന് 26 പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഗരീബ് രഥ് സര്‍വീസ് നടത്തുന്നുണ്ട്.

ദുരന്തോ എക്‌സ്പ്രസ്:യാത്ര ആരംഭിച്ചുകഴിഞ്ഞാല്‍ അവസാന പോയിന്‍റുകളില്‍ മാത്രം നിര്‍ത്തുന്ന പരീക്ഷണം എന്ന നിലയില്‍ വേഗയാത്ര സാധ്യമാക്കുന്നതിന് 2009ല്‍ യുപിഎ സര്‍ക്കാരാണ് ഇത് ആരംഭിച്ചത്. അന്ന് മമത ബാനര്‍ജിയായിരുന്നു റെയില്‍വേ മന്ത്രി. അതായത് റെയില്‍വേ ചരിത്രത്തില്‍ ഒരു നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ആരംഭിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരു ഹൈസ്‌പീഡ് ട്രെയിനിന്‍റെ തുടക്കം കൂടിയായി ദുരന്തോ മാറുകയായിരുന്നു. ഇന്നത്തെ സെമി ഹൈസ്‌പീഡിന്‍റേയും ഹൈസ്‌പീഡ് ട്രെയിനിന്‍റേയും ആദ്യരൂപമായി വിലയിരുത്തപ്പെടുന്നത് ദുരന്തോ എക്‌സ്പ്രസ് ആണ്.

ABOUT THE AUTHOR

...view details