തിരുവനന്തപുരം:സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കിഫ്ബിക്കതിരായ ഇഡി നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി. കിഫ്ബിക്കതിരായ ഇഡി നീക്കവും വായ്‌പ പരിധി കുറച്ചതിലുമുള്ള എതിര്‍പ്പാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വ്യക്തമാക്കിയത്. സാമ്പത്തിക രംഗത്തടക്കം രാജ്യത്ത് ഫെഡറലിസം പുലരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
ഫെഡറലിസം രാജ്യത്തിന്‍റെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ഘടകമാണ്. ഇത് പാലിച്ച് മുന്നോട്ട് പോകണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസന ആവശ്യങ്ങള്‍ക്ക് സമ്പത്ത് ലഭിക്കണം. എങ്കില്‍ മാത്രമേ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുകയുള്ളൂ.
പശ്ചാത്തല സൗകര്യം എല്ലാ വികസനത്തിനും അടിസ്ഥാനമാണ്. അതിനാല്‍ അടിസ്ഥാന സൈകര്യ വികസനത്തിനായുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനായാണ് കിഫ്ബി വഴിയുള്ള പദ്ധതികള്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത രാജ്യത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളും അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമാണ്. ഭരണഘടനയ്ക്ക് സംഭാവന ചെയ്‌ത അടിസ്ഥാന കാഴ്‌ചപ്പാടും മതനിരപേക്ഷതയാണ്. ഈ യാഥാര്‍ഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നതിന് തുല്യമാണ്.