തിരുവനന്തപുരം : സെപ്‌റ്റംബർ 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം പരീശീലനം ആരംഭിച്ചു. ഇന്ന് (സെപ്‌റ്റംബർ 26) വൈകിട്ട് അഞ്ച് മണി മുതലാണ് ക്യാപ്‌റ്റന്‍ തെംബ ബാവുമയുടെ നേതൃത്വത്തില്‍ ടീമംഗങ്ങള്‍ പരീശീലനം ആരംഭിച്ചത്.
മത്സരത്തിനായി ഇന്ത്യന്‍ ടീം വൈകീട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. ഇന്ന് വൈകിട്ട് 4.41ന് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ പൊലീസ് അകമ്പടിയോടെ കോവളത്തെ ലീല റാവിസ് ഹോട്ടലിലേക്ക് തിരിച്ചു. വിശ്രമത്തിന് ശേഷം നാളെ വൈകിട്ട് 5 മണി മുതൽ 8 മണി വരെ ഇന്ത്യൻ ടീം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും.
ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യം നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ 4 മണി വരെ ദക്ഷിണാഫ്രിക്കന്‍ ടീമും സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തും. മത്സരത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കൻ ടീം ക്യാപ്റ്റൻ ബാവുമ ഉച്ചയ്ക്ക് 12.30നും ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ വൈകിട്ട് 4.30നും കാര്യവട്ടം സ്‌റ്റേഡിയത്തില്‍ മാധ്യമങ്ങളെ കാണും.
വേഗത്തിലായാല്‍ 'മത്സരം കാണാം': ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്‍റെ 2,000 ടിക്കറ്റുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പന. 1,500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റിന്‍റെ നിരക്ക്. പവലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്‌റ്റാന്‍ഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മത്സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കാര്‍ഡ് കൂടി കാണിക്കണം.
ഒരു ഇമെയില്‍ ഐഡിയില്‍ നിന്ന് ഒരാള്‍ക്ക് മൂന്ന് ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം അതത് ആളുകളുടെ ഫോട്ടോ ഐഡി കാണിച്ച് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാകും.