തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്‌സ് ഹബ്ബില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന്(26.09.2022) വൈകിട്ട് 4.30 തിരുവനന്തപുരത്തെത്തും. ഹൈദരാബാദിൽ ഓസ്‌ട്രേലിയയെ തകർത്ത് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ തലസ്ഥാനത്തെത്തുന്നത്. ഞായറാഴ്‌ച തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് വൈകിട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്‌സ് ഹബ്ബ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.
വൈകിട്ട് 4.30ന് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെ കാണുന്നുണ്ട്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഒന്ന് മുതല്‍ നാലുവരെയും ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനെത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ടീം ഇന്ത്യയും ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ് മീറ്റ് 27ന് നടക്കും.
27ന് ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വൈകിട്ട് 4.30ന് ഇന്ത്യന്‍ ക്യാപ്റ്റനും മാധ്യമങ്ങളെ കാണും. മത്സരത്തിന്‍റെ 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഇതിനോടകം 23,000 ടിക്കറ്റുകളാണ് വിറ്റത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം.