തിരുവനന്തപുരത്ത് ഇമാമിന്‍റെ പീഡനത്തിനിരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണ്. ഇതുമൂലം മകളുടെ പഠനം മുടങ്ങിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ മാതാവ് ആരോപിച്ചു. മകളെ ഹാജരാക്കാൻ കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും മകളെ തനിക്കൊപ്പം അയക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. പീഡനവിവരം പുറത്തറിഞ്ഞതു മുതൽ ഇമാം ഒളിവിലാണ്.
ഇമാമിനെതിരായ പീഡനകേസ്: കുട്ടിയെ വിട്ടുകിട്ടണമെന്ന് ആശ്യപ്പെട്ട് മാതാവ് കോടതിയിൽ - ഹൈക്കോടതി
ഇമാം ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊച്ചിയിൽ വാഹനം ഉപേക്ഷിച്ചാണ് ഇമാം ഷെഫീക്ക് അൽ ഖാസിമി ഒളിവിൽ പോയത്. ഇമാമിനെ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചിയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. പീഡനത്തിനിരയായ കുട്ടിയോ കുടുംബമോ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. പിന്നീട് തൊളിക്കോട് ജമാഅത്ത് പള്ളി പ്രസിഡന്‍റിന്‍റെ പരാതിയിൽ ഇമാമിനെതിരെ പോക്സോ നിയമപ്രകാരം വിതുര പൊലീസ് കേസെടുക്കുകയായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ രഹസ്യ കേന്ദ്രത്തിലാണ് ഉള്ളത്. ഇമാമിനെതിരെ പൊലീസിൽ പരാതിപ്പെടാൻ തയാറാകാത്ത കുടുംബം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.