കേരളം

kerala

ETV Bharat / state

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നൽകി - illegal puja

പൊലീസിന് പരാതി നൽകിയതിന്‍റെ വിവരങ്ങളും വനം വകുപ്പിന്‍റെ കേസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് മന്ത്രിക്ക് നൽകിയത്

Travancore Devaswom Commissioner  Illegal Puja at Ponnambalamet  പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ  ദേവസ്വം കമ്മീഷണര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നൽകി  തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍  വനം വകുപ്പ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു  പൊന്നമ്പലമേട്ടിൽ കയറി അനധികൃത പൂജ
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ

By

Published : May 17, 2023, 12:05 PM IST

തിരുവനന്തപുരം:ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നൽകി. പൊലീസിന് പരാതി നൽകിയതിന്‍റെ വിവരങ്ങളും വനം വകുപ്പിന്‍റെ കേസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് മന്ത്രിക്ക് നൽകിയതെന്നാണ് വിവരം.

സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ നൽകിയ പരാതിയില്‍ വിശ്വാസികളെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇവരെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വനത്തില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ശബരിമല ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്ത് പെരിയാര്‍ കടുവാ സങ്കേതത്തിലായിരുന്നു അനധികൃതമായി കടന്നു കയറി തൃശൂര്‍ തെക്കേക്കാട്ടുമഠം നാരായണന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം പൂജ നടത്തിയത്.

ഇയാളുടെ നേതൃത്വത്തില്‍ മകരവിളക്ക് തെളിയിക്കുന്ന പൊന്നമ്പലമേട്ടില്‍ തറയിലിരുന്ന് കളം വരച്ച് പൂജകള്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്നവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ കെ അനന്തഗോപന്‍ ഡിജിപിക്കും വനം വകുപ്പിനും പരാതി നൽകി. ഇതിന് പിന്നാലെ പച്ചക്കാനം ഫോറസ്‌റ്റ് സ്‌റ്റേഷന്‍ ആദ്യം കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.

മേയ് എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. വനത്തിലൂടെ 10 കിലോമീറ്ററോളം നടന്നാണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. രാവിലെ 7.30 ഓടെ വള്ളക്കടവിലും 11.30 ഓടെ പൊന്നമ്പലമേട്ടിലുമെത്തിയ സംഘം ഒരു മണിക്കൂറാണ് സ്ഥലത്ത് പൂജയ്ക്കായി ചെലവഴിച്ചത്. സംഭവത്തില്‍ പമ്പ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. കേസില്‍ ഇനി ഏഴ് പേരെയാണ് പിടികൂടാനുള്ളത്. അതേസമയം ഇന്നലെ രാത്രിയോടെ അറസ്‌റ്റിലായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവര്‍ക്ക് പൂജാരി നാരായണന്‍ തിരുമേനിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.

ABOUT THE AUTHOR

...view details