തിരുവനന്തപുരം :നെടുമങ്ങാട് വലിയമലയിൽ 100 ലിറ്റർ ചാരായവും 500 ലിറ്റർ വാഷുമായി ഒരാൾ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. നെടുമങ്ങാട് പുത്തൻ പാലം സ്വദേശി കണ്ണൻ എന്നുവിളിക്കുന്ന മണികണ്ഠനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസവും ഇയാളെ ചാരായം വാറ്റിയതിന് പിടികൂടിയിരുന്നു. മുൻകാല ഷാപ്പ് ജീവനക്കാരനാണ് മണികണ്ഠൻ. കഴിഞ്ഞ ലോക്ക് ഡൗൺ കാലം മുതൽ ചാരായം വാറ്റുന്നതിൽ സജീവമാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:മയ്യിലിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; പ്രതി കീഴടങ്ങി
വലിയമലയിൽ 40 സെൻ്റ് വസ്‌തുവില്‍ ഷെഡ് കെട്ടി അതിലാണ് വാറ്റ് നടത്തിവന്നിരുന്നത്. സ്ഥിരമായി ചില ആളുകൾ ഇവിടെ വന്ന് പോകുന്നതായി നാട്ടുകാര്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്‌ടർ ശങ്കറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡില്‍ 100 ലിറ്റർ ചാരായവും 500 ലിറ്റർ വാഷും അൻപതിനായിരം രൂപയുടെ വാറ്റ് ഉപകരണങ്ങളും പിടികൂടി. ഒരു ലിറ്ററിന് 2,500 രൂപ വരെ വാങ്ങിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read:സ്ലീസ് സിഡി കേസ്: എസ്‌ഐടിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി
കഴിഞ്ഞ മാസം ഇയാളുടെ വീട്ടിൽ നിന്നും 25 ലിറ്റർ ചാരായവും കോടയും പിടിച്ചെടുത്തിരുന്നു. അന്ന് വീടിൻ്റെ അഴുക്ക് ചാലിലാണ് ചാരായം ഒളിപ്പിച്ചിരുന്നത്. കൊവിഡ് ആയതിനാൽ കുറച്ച് ദിവസം മാത്രമേ ഇയാൾക്ക് ജയിലിൽ കഴിയേണ്ടതായി വന്നുള്ളൂ. ഇപ്പോൾ മരുന്ന് എന്നറിയപ്പെടുന്ന അപരനാമത്തിലാണ് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ചാരായം ഇയാൾ നൽകുന്നത്. വ്യവസായിക അടിസ്ഥാനത്തിൽ തന്നെ വാറ്റിന് പണം മുടക്കാൻ ആളുകൾ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.