തിരുവനന്തപുരം :സംസ്ഥാനത്ത് അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട് (Illegal Garbage Dumping Sites). ഇത് കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്‍ രൂപീകരിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പോര്‍ട്ടലിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ശുചിത്വ മിഷന്‍ പോര്‍ട്ടലിലെ വിവരങ്ങളുടെ വിശദാംശങ്ങള്‍ ഇടിവി ഭാരതിനു ലഭിച്ചു.
പുതുതായി 1,066 സ്ഥലങ്ങള്‍ അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി കണ്ടെത്തിയതുള്‍പ്പെടെ സംസ്ഥാനമാകെ 24,082 മാലിന്യ നിക്ഷേപ പ്രദേശങ്ങളാണ് കണ്ടെത്തിയത് (Illegal Garbage Dumping Sites Found by Suchitwa Mission). സ്വച്ഛ് ഭാരത്, മാലിന്യ മുക്ത നവകേരളം പദ്ധതികളുടെ ഭാഗമായി എല്ലാവര്‍ഷവും ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ കണക്കെടുപ്പിന് നടത്തിയത്. അടിയന്തരമായി ശുചീകരണം ആവശ്യമുള്ള സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സഹിതമാണ് ശുചിത്വ മിഷന്‍ (Suchitwa Mission) പോര്‍ട്ടലിലേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കിയത് (Illegal Garbage Dumping Sites Kerala).
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയ അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ പാര്‍ക്ക്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പച്ചത്തുരുത്ത്, തണലിടം എന്നിങ്ങനെ 'സ്‌നേഹരാമങ്ങള്‍' എന്ന പേരില്‍ രൂപമാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എന്‍എസ്‌എസ് യൂണിറ്റുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരെ ഉപയോഗപ്പെടുത്തിയാകും ശുചീകരിക്കല്‍. വൃത്തിയാക്കാനായി തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയ സ്ഥലമേതെന്ന് എന്‍എസ്‌എസ് യൂണിറ്റിനെ അറിയിക്കണമെന്ന് ഇതു സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഈ മാസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഗ്രാമീണ മേഖലകളില്‍ 16,068 കേന്ദ്രങ്ങളും നഗര മേഖലകളില്‍ 8,014 കേന്ദ്രങ്ങളുമാണ് കണ്ടെത്തിയത്. ഒരു വര്‍ഷത്തിനകം 3,000 'സ്‌നേഹരാമങ്ങള്‍' സംസ്ഥാനമാകെ തയാറാക്കാനാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു എന്‍എസ്‌എസ് യൂണിറ്റിന് 5,000 രൂപ തദ്ദേശ സ്വയം ഭരണ വകുപ്പ് നല്‍കും. കൂടുതലായി വരുന്ന ചെലവ് തുക അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും കണ്ടെത്തുകയോ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.
മാലിന്യം കൈകാര്യം ചെയ്യുന്നതിന് ജനങ്ങളെ ബോധവത്കരിക്കാനുള്ള പരിപാടിയും തദ്ദേശ സ്ഥാപനങ്ങള്‍ നടത്തണം. അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ എന്‍എസ്‌എസ് യൂണിറ്റുകള്‍ മുഖേന വിലയിരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.