തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ തനിക്ക് പങ്കില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനായ ഐജി ഗുഗുലോത്തു ലക്ഷ്‌മണ. ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായതിന് പിന്നില്‍ തന്‍റെ അഭിഭാഷകനായിരുന്നെന്നും ഇത് തന്നെ കാണിക്കാതെ അഭിഭാഷകന്‍ നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നെന്നും ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നല്‍കിയ കത്തില്‍ ലക്ഷ്‌മണ അറിയിച്ചു. ഇക്കാര്യത്തില്‍ നിലവിലെ ഹര്‍ജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുമെന്നും ഐജി ലക്ഷ്‌മണ വ്യക്തമാക്കി.
പരാമര്‍ശവും മലക്കം മറിച്ചിലും: ബിജെപി നേതാവും ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറിയുമായ നോബിള്‍ മാത്യുവാണ് ഐജി ലക്ഷ്‌മണയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. ബിജെപി നേതാവായ അഭിഭാഷകന്‍ ഒരു ഐപിഎസ് ഉദ്യോഗസഥന് വേണ്ടി തയ്യാറാക്കിയ ഹര്‍ജിയിലൂടെ തന്‍റെ രാഷ്ട്രീയ താത്പര്യം ഹൈക്കോടതിയിലെത്തിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണമുയരാനുള്ള സാഹചര്യത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. താന്‍ ചികിത്സയ്ക്ക് വേണ്ടി പതിനഞ്ച് ദിവസത്തെ അവധിയിലാണെന്നും ഐജി ലക്ഷ്‌മണ പറയുന്നു. മാത്രമല്ല ആയുര്‍വേദ ചികിത്സയുടെ കാരണം പറഞ്ഞ് ഇദ്ദേഹം ഇന്നലെ (31.07.2023) കോടതിയിലും ഹാജരായിരുന്നില്ല.
എന്നാല്‍ ഐജി ലക്ഷ്‌മണയുടെ ഹര്‍ജിക്ക് പിന്നാലെ ഹൈക്കോടതി സര്‍ക്കാരിനേട് ഹര്‍ജിക്കുമേല്‍ നിലപാട് തേടിയിരുന്നു. സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിനിടയിലാണ് അഭിഭാഷകന്‍ നോബിള്‍ മാത്യുവിനെ തള്ളി പറഞ്ഞ് ലക്ഷ്‌മണ തന്നെ രംഗത്തെത്തിയത്.