തിരുവനന്തപുരം:ചലച്ചിത്ര ആസ്വാദകർ അക്ഷമരായി കാത്തിരുന്ന 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്‌ച (18-03-2022) തിരിതെളിയും. മേളയ്ക്കായുള്ള മുന്നൊരുക്കങ്ങൾ തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ തകൃതിയായി പുരോഗമിക്കുകയാണ്. പതിവുപോലെ ആകർഷകമായ രീതിയിലാണ് ഫെസ്റ്റിവൽ ഓഫിസിൻ്റെ മുൻവശം ഒരുക്കിയിരിക്കുന്നത്. ടയർ കൊണ്ടുള്ള പ്രത്യേക ഡിസൈനിങ്ങാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
"ഡെലിഗേറ്റ് സെല്ലിൻ്റെ പ്രവർത്തനം നാളെ ഡെലിഗേറ്റ് കിറ്റ് വിതരണത്തോടെ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ ടാഗോർ തിയേറ്ററിൽ നടക്കുകയാണ്. ആദ്യ പാസും ഡെലിഗേറ്റ് കിറ്റും സാംസ്‌കാരിക മന്ത്രി സജി ചെറിയാനിൽ നിന്നും നടൻ സൈജു കുറുപ്പ് ഏറ്റുവാങ്ങും. ഡെലിഗേറ്റുകൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത തരത്തിലായിരിക്കും ഡെലിഗേറ്റ് സെല്ലിൻ്റെ പ്രവർത്തനം. 11 മുതലാണ് മീഡിയ സെൽ പ്രവർത്തനമാരംഭിച്ചത്." ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്‌ടർ എച്ച്.ഷാജി പറഞ്ഞു.