കേരളം

kerala

ETV Bharat / state

'മേള'യോട്ടത്തിന് ആനവണ്ടി: രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകൾക്ക് ആശ്വാസമായി കെഎസ്‌ആര്‍ടിസി സര്‍വീസ് - ഇലക്‌ട്രിക്

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി തലസ്ഥാനത്തെത്തുന്ന ഡെലിഗേറ്റുകൾക്ക് ആശ്വാസമായി ഇടതടവില്ലാതെ സർവീസ് നടത്തി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ സിറ്റി സർക്കുലർ ഇലക്‌ട്രിക് ബസുകൾ

IFFK  KSRTC  Electric Bus Service  International Film Festival  മേള  ആനവണ്ടി  രാജ്യാന്തര ചലച്ചിത്രമേള  ഡെലിഗേറ്റുകൾ  കെഎസ്‌ആര്‍ടിസി  സര്‍വീസ്  സ്വിഫ്റ്റിന്‍റെ  ഇലക്‌ട്രിക്  തിരുവനന്തപുരം
രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകൾക്ക് ആശ്വാസമായി കെഎസ്‌ആര്‍ടിസി സര്‍വീസ്

By

Published : Dec 11, 2022, 10:03 PM IST

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകൾക്ക് ആശ്വാസമായി കെഎസ്‌ആര്‍ടിസി സര്‍വീസ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി തലസ്ഥാനത്തെത്തുന്ന അന്യജില്ലക്കാർക്ക് യാത്ര സൗകര്യം സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാലോ പലപ്പോഴും കഴുത്തറപ്പൻ കൂലിയാകും ഈടാക്കുന്നത്. എന്നാൽ ഇക്കുറി മേളയ്‌ക്കെത്തുന്നവർക്ക് ഈ ആശങ്ക വേണ്ട. ഡെലിഗേറ്റുകൾക്ക് പ്രദർശനം നടക്കുന്ന തിയറ്ററുകളിലേക്ക് ഇടതടവില്ലാതെ പൂർണമായും സൗജന്യ സർവീസ് നടത്തുകയാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ സിറ്റി സർക്കുലർ ഇലക്‌ട്രിക് ബസുകൾ.

കേരള ചലച്ചിത്ര അക്കാദമിയുടെയും കെഎസ്ആർടിസിയുടെയും സഹകരണത്തോടെ ഡെലിഗേറ്റുകൾക്കായി രണ്ട് സിറ്റി സർക്കുലർ ഇലക്‌ട്രിക് ബസുകളാണ് അനുവദിച്ചിരിക്കുന്നത്. രാവിലെ പ്രദർശനം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നതു വരെ നഗരത്തിൽ പ്രദർശനം നടക്കുന്ന എല്ലാ തിയേറ്ററുകളിലും സർവീസ് ഉണ്ടാകും. പ്രദർശനം നടക്കുന്ന സമയം അനുസരിച്ചാണ് സർവീസ് നടത്തുന്നത്. അതിനാൽ ഡെലിഗേറ്റുകൾക്ക് ഈ സൗജന്യ യാത്ര വളരെ ഉപയോഗപ്രദമാണ്.

മുൻ വർഷങ്ങളിൽ നടന്ന മേളകളിൽ ഡെലിഗേറ്റുകൾക്കായി ഇലക്‌ട്രിക് ഓട്ടോറിക്ഷകളാണ് സൗജന്യ സർവീസ് നടത്തിയിരുന്നത്. എന്നാൽ ഈ സൗകര്യം കൂടുതൽ പേർക്ക് ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഇക്കുറി സൗജന്യ ബസ് സർവീസ് തന്നെ ഒരുക്കിയ സാഹചര്യത്തിൽ കൂടുതൽ സിനിമകൾ കാണാനാകുമെന്ന ആശ്വാസത്തിലാണ് ഡെലിഗേറ്റുകൾ. ചലച്ചിത്രമേള നടക്കുന്ന തീയേറ്ററുകളിൽ ചിലത് അടുത്താണെങ്കിലും പല തിയേറ്ററുകളും തമ്മിൽ വലിയ ദൂരമുണ്ട്. ഇത് മേളയ്‌ക്കെത്തുന്നവരെ തെല്ലൊന്നുമല്ല വലച്ചിരുന്നത്.

എന്നാൽ വ്യത്യസ്‌ത സിനിമ കാഴ്‌ചകൾ ആസ്വദിക്കാൻ പലയിടത്തുനിന്നുമായി എത്തുന്ന ഡെലിഗേറ്റുകൾ അമിതമായ കൂലി നൽകി സ്വകര്യ വാഹനങ്ങളെ ആശ്രയിച്ചായിരുന്നു തീയേറ്ററുകളിൽ നിന്നും തീയേറ്ററുകളിലേക്ക് പോയിരുന്നത്. സാഹചര്യം ചൂഷണം ചെയ്‌ത്‌ ഓട്ടോറിക്ഷക്കാരും ഇരട്ടിയിലധികം തുകയാണ് ഈടാക്കുന്നത്. സൗജന്യ ബസ് സർവീസ് മൂലം ഡെലിഗേറ്റുകൾ നേരിടുന്ന ഈ ബുദ്ധിമുട്ടിന് പരിഹാരമായിരിക്കുകയാണ്. സിനിമ വൈവിധ്യം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും സംഘാടനമികവ് കൊണ്ടും തികച്ചും വേറിട്ട് നിൽക്കുകയാണ് 27-ാമത് രാജ്യാന്തര ചലച്ചിത്ര മേള.

ABOUT THE AUTHOR

...view details