തിരുവനന്തപുരം: സ്വാഭാവികമായ പ്രണയം സമൂഹത്തിന്‍റെ ആസ്വാസ്ഥ്യങ്ങള്‍ക്കും അസ്ഥിരതകള്‍ക്കും കാരണമാകുന്ന കാഴ്‌ചയാണ് 28 മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്‌പിരിറ്റ് ഓഫ് സിനിമ ( spirit of cinema) അവാര്‍ഡ് ജേതാവ് വനൂരി കഹിയുവിന്‍റെ 'റഫീകി' എന്ന ചിത്രത്തില്‍. തന്‍റെ വംശവും ലിംഗവും കണക്കിലെടുത്താണ് തന്‍റെ സിനിമകളെ രാഷ്ട്രീയ സിനിമയായി കാണുന്നതെന്ന് ആവര്‍ത്തിക്കുന്ന സംവിധായിക കെനിയയില്‍ നിരോധിക്കപ്പെട്ട റഫീകിയുടെ ചിത്രീകരണം പോലിസ് സാന്നിധ്യത്തിലായിരുന്നുവെന്നും വ്യക്തമാക്കുന്നു.
തന്നെ പോലെ തന്നെ തന്‍റെ സിനിമയുടെ സാന്നിധ്യം കൊണ്ട് മാത്രം അസ്വാഭാവികതയിലേക്ക് നീങ്ങുന്ന സാമൂഹിക-ഭരണകൂട സംവിധാനമാണ് തന്‍റെ രാജ്യത്തിലേതെന്ന് വനൂരി പറയുന്നു. കൗമാരത്തില്‍ പ്രണയത്തിലാകുന്ന കെനയും സീകിയും പ്രാദേശിക തിരഞ്ഞെടുപ്പില്‍ തമ്മില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മക്കളാണ്.
ഇരുവരും തമ്മിലുണ്ടാകുന്ന സൗഹൃദം പ്രണയമാകുന്നതോടെ ചുറ്റുപാടുകള്‍ ഇരുവരെയും ദാക്ഷിണ്യമില്ലാതെ ആക്രമിക്കുന്നു. സുരക്ഷയ്ക്കായി ഇരുവരും പ്രണയം വേണ്ടെന്ന് വെയ്ക്കുന്നതായി ചിത്രത്തില്‍ കാണാം. വ്യക്തിപരമായ വിരോധം ഇരുവരും നേരിടുന്ന ആക്രമണങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ മകളുമായുള്ള സൗഹൃദം ഒഴിവാക്കണമെന്ന് പ്രധാന കഥാപാത്രമായ കെനയുടെ അച്ഛന്‍ ഉപദേശിക്കുന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തുന്ന കെനയെ ആശ്വസിപ്പിക്കാനായി ആദ്യം എത്തുന്നതും അച്ഛനാണ്.