തിരുവനന്തപുരം : 28-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ജാപ്പനീസ് ചിത്രമായ ഈവിൾ ഡസ് നോട്ട് എക്‌സിസ്റ്റിന്. ഓസ്‌കർ അവാർഡ് നേടിയ ജാപ്പനീസ് സംവിധായൻ റിസുക്കി ഹിമഗുച്ചിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. മികച്ച സംവിധായകനുള്ള രജത ചകോരം 'സൺഡേ' എന്ന ചിത്രത്തിലൂടെ ഉസ്ബെക്കിസ്ഥാന്‍റെ ഷോക്കിർ ഖോലിക്കോവ് കരസ്ഥമാക്കി. വൃദ്ധ ദമ്പതിമാരുടെ ജീവിതമാണ് 'സൺഡേ'യുടെ പ്രമേയം.
പ്രേക്ഷകപ്രീതി പുരസ്‌കാരം മലയാള ചിത്രമായ 'തടവ്' സ്വന്തമാക്കി. ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത 'ആട്ടം' എന്ന ചിത്രമാണ് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയത്. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി.
മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സ്‌പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ 'പ്രിസൺ ഇൻ ദി ആൻഡസി'നാണ് ലഭിച്ചത്. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം സ്വന്തമാക്കി (IFFK Award Ceremony 2023). മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ.ആര്‍ മോഹനന്‍ പുരസ്‌കാരം 'കേർവാൾ' ഒരുക്കിയ ഉത്തം കമാഠി നേടി. സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം മിഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്‌ദ രൂപകൽപ്പന ചെയ്‌ത മെക്‌സിക്കൻ ചിത്രം 'ഓൾ ദി സൈലൻസി'ന് ലഭിച്ചു.