സംഗീതവിസ്‌മയമൊരുക്കി ജോണി ബെസ്‌റ്റ് തിരുവനന്തപുരം: സിനിമകളിലെ മികച്ച അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷക മനസുകളിൽ പതിയുന്നതിൽ പശ്ചാത്തല സംഗീതത്തിന് വലിയ പ്രാധാന്യമുണ്ട്. പശ്ചാത്തല സംഗീതം സിനിമയെ അതീവഹൃദ്യമാക്കും. എന്നാൽ നിശബ്‌ദ ചിത്രങ്ങൾക്ക് തത്സമയ സംഗീതം ഒരുക്കുക, സംഗതി പറയുന്നത്ര എളുപ്പമല്ല പ്രേക്ഷക മനസുകളിൽ ആഴത്തിൽ പതിപ്പിക്കാൻ. 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയെ ആസ്വാദ്യകരമാക്കുന്നതും അത് തന്നെയാണ്. സൈലന്‍റ് ഫിലിം വിത്ത് ലൈവ് മ്യൂസിക്ക് വിഭാഗത്തിൽ അഞ്ച് സിനിമകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.
ബ്രിട്ടീഷ് ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ റെസിഡന്‍റ് പിയാനിസ്‌റ്റ് ജോണി ബെസ്‌റ്റാണ് മേളയിൽ പ്രദർശിപ്പിക്കുന്ന നൊസ്‌ഫറാതു, ഫൂളിഷ് വൈഫ്‌സ്, ദ പാര്‍സണ്‍സ് വിഡോ, ദ ഫാന്‍റം കാര്യേജ്, ദ വുമണ്‍ മെന്‍ യേണ്‍ ഫോര്‍ എന്നീ അഞ്ച് ചിത്രങ്ങൾക്കും തത്സമയ സംഗീതം ഒരുക്കുന്നത്. ബ്രോം സ്‌റ്റോക്കറുടെ ഡ്രാക്കുളയുടെ ആദ്യ സിനിമ രൂപാന്തരമാണ് നൊസ്‌ഫറാതു.
1922 ല്‍ പുറത്തിറങ്ങിയ ചിത്രം നൂറാം വാര്‍ഷികത്തിലെത്തുന്ന വേളയിലാണ് ജോണി ബെസ്‌റ്റ് തത്സമയ പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചത്. നിശബ്‌ദ ചിത്രങ്ങൾക്ക് അകമ്പടിയായി തത്സമയ സംഗീതം ഒരുക്കുമ്പോൾ പ്രേക്ഷകന്‍റെ ആരവമാണ് സംഗീതജ്ഞന്‍റെ ആത്മസംതൃപ്‌തിക്ക് ഇന്ധനമാകുന്നത്. ഇതാണ് ജോണി ബെസ്‌റ്റിന്‍റെ ഊർജവും.
നൊസ്‌ഫറാതു പോലെയുള്ള നിശബ്‌ദ ഹൊറർ ചിത്രങ്ങൾക്ക് അകമ്പടിയാകാൻ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് അനന്ത സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സവിശേഷമായ ഊർജമാണ് തത്സമയ സംഗീതം സദസിൽ സൃഷ്‌ടിക്കുന്നത്.
ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ആദ്യ മില്യൺ ഡോളർ ചിത്രം ഫൂളിഷ് വൈഫ്‌സ്. സമ്പന്നരായ സ്‌ത്രീകളെ വശീകരിക്കുകയും അവരുടെ സമ്പത്ത് തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു മോഷ്‌ടാവിന്‍റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. മേളയിലെ ചിത്രത്തിന്‍റെ ഏക പ്രദർശനത്തിനും ചടുലമായ പശ്ചാത്തല സംഗീതമൊരുക്കിയത് ജോണി ബെസ്‌റ്റിന്‍റെ മാന്ത്രിക വിരലുകൾ തന്നെ. ചിത്രത്തിന് ആദ്യമായാണ് ജോണി ബെസ്‌റ്റ് സംഗീതം ഒരുക്കുന്നത്.
ഗ്രാമത്തിലെ പുതിയ പുരോഹിതനായി തിരഞ്ഞെടുക്കപ്പെടുന്ന യുവാവിന്‍റെ കഥയാണ് ദ പാര്‍സണ്‍സ് വിഡോ എന്ന ചിത്രം അവതരിപ്പിക്കുന്നത്. സ്ഥാനമേറ്റ അയാൾക്ക് പഴയ പുരോഹിതന്‍റെ ഭാര്യയായ ദാമേ മാർഗെരെറ്റിനെ വിവാഹം ചെയ്യേണ്ടിവരുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
ജര്‍മന്‍ റൊമാന്‍റിക് ചിത്രം ദ വുമണ്‍ മെന്‍ യേണ്‍ ഫോര്‍, എക്കാലത്തെയും മികച്ച സ്വീഡിഷ് ചിത്രമായി നിരൂപകർ വിലയിരുത്തുന്ന ദ ഫാന്‍റം കാര്യേജ് എന്നീ ചിത്രങ്ങളും പുതുമയുള്ള വ്യത്യസ്‌തമായ ആശയങ്ങളാണ് സംവദിക്കുന്നത്. ജോണി ബെസ്‌റ്റിന്‍റെ മാന്ത്രിക വിരലുകളിൽ പിറന്ന ചടുലമായ സംഗീതം സിനിമ ആസ്വാദകരെ തെല്ലൊന്നുമല്ല ഹരം കൊള്ളിച്ചതെന്ന് പറയാതെ വയ്യ.