ഐഎഫ്എഫ്കെ പുരസ്‌കാര ചടങ്ങ് തിരുവനന്തപുരം:27-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോര പുരസ്‌കാരം ബൊളീവിയൻ ചിത്രം 'ഉതമ'യ്ക്ക്. മികച്ച സംവിധായകനുള്ള രജത ചകോരം ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ഗ്‌ളൂവിനാണ്. ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകേണ്ടി വരുന്ന ചെറുപ്പക്കാരന്‍റെ ജീവിതം പ്രമേയമാക്കിയ 'കെർ' എന്ന ചിത്രമാണ് മോഗ്ഗ്‌ളൂവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
പ്രേക്ഷകപ്രീതി നേടി 'നൻപകൽ നേരത്ത് മയക്കം':ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ മലയാള ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിനാണ് പ്രേക്ഷക പുരസ്‌കാരം ലഭിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത 'അറിയിപ്പ്' സ്വന്തമാക്കി.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും അറബിക് ചിത്രമായ 'ആലത്തി'നാണ്. ഫിറാസ് ഹൗരിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. റോമി മെയ്തെയ് സംവിധാനം ചെയ്‌ത 'അവർ ഹോം' മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം നേടി. നെറ്റ്പാക് സ്‌പെഷ്യൽ ജൂറി പരാമർശവും അവർ ഹോമിനാണ്.
'ഫിപ്രസി പുരസ്‌കാരം ഇന്ദുവിന്':മികച്ച നവാഗത സംവിധായകർക്കുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി.എസ് സംവിധാനം ചെയ്‌ത മലയാള ചിത്രം '19(1)(എ)' നേടി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് 'അമർ കോളനി'യുടെ സംവിധായകൻ സിദ്ധാർഥ് ചൗഹാൻ തെരെഞ്ഞെടുക്കപ്പെട്ടു.
ഏക്താര കലക്റ്റീവ് ഒരുക്കിയ 'എ പ്ലേസ് ഓഫ് അവർ ഓൺ' ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് ഈ ചിത്രത്തിൽ അഭിനയിച്ച മനീഷ സോണിയും മുസ്‌ക്കാനും തെരഞ്ഞെടുക്കപ്പെട്ടു.
സീറ്റ് റിസർവേഷൻ വിവാദത്തിൽ മന്ത്രി വാസവൻ:സമാപന ചടങ്ങുകൾ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്‌തു. പ്രേക്ഷക പങ്കാളിത്തം കൊണ്ടും മൂല്യാധിഷ്‌ഠിത ചിത്രങ്ങളുടെ പ്രദർശനം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ മേളയായിരുന്നു ഇത്തവണത്തെ മേളയെന്നും സീറ്റ് റിസർവേഷൻ സംബന്ധിച്ച പരാതികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി.ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം മന്ത്രി വി.എന്‍ വാസവന്‍ സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദന്‍ മുഖ്യാതിഥിയായി. ചലച്ചിത്രോത്സവം ആവിഷ്‌കാര സ്വാതന്ത്യത്തെ തടസപ്പെടുത്തുന്നവർക്കെതിരെ പ്രതിരോധത്തിന്‍റെ മതിൽ തീർക്കാനുള്ള മാർഗമായി ഉപയോഗിക്കണമെന്ന് എം. മുകുന്ദൻ പറഞ്ഞു.
ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ലോഗോ അഡ്വ. വി.കെ പ്രശാന്ത് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്‌തു.
രഞ്ജിത്തിന് കൂവൽ:ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കൂവൽ പ്രതിഷേധവുമുണ്ടായി. സ്വാഗത പ്രസംഗത്തിനായി രഞ്ജിത്ത് വേദിയിലെത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്. എന്നാൽ 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതമെന്നും ഇതൊന്നും ഒരു വിഷയമല്ലെന്നുമായിരുന്നു രഞ്ജിത്തിന്‍റെ മറുപടി.
കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങിൽ താൻ വന്നത് എന്‍റെ ഭാര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവൽ ഒന്നും പുത്തരിയല്ലെന്നും രഞ്ജിത്ത് പറഞ്ഞു.
റിസർവ് ചെയ്‌തവർക്ക് പോലും 'നൻപകൽ നേരത്ത് മയക്കം' സിനിമ കാണാൻ സാധിക്കാത്തതിനാലാണ് പ്രതിഷേധമുണ്ടായത്. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ എത്രപേർ കാണാനുണ്ടാകുമെന്ന് കാണാമെന്നും രഞ്ജിത്ത് പറഞ്ഞു.