കേരളം

kerala

ETV Bharat / state

ജനാധിപത്യം പൂർണമാകുന്നത് വിമത ശബ്‌ദങ്ങൾ ആവിഷ്‌കരിക്കാൻ ഇടം തുറക്കുമ്പോൾ; മുഖ്യമന്ത്രി - IDSSFK completed

രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വ ചിത്രമേള -ഐഡിഎസ്എസ്എഫ്കെയ്‌ക്ക് സമാപനം. ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ദീപ ധൻരാജിന്.

IDSSFK has concluded cm distributed awards  IDSSFK has concluded  ഐഡിഎസ്എസ്എഫ്കെ  International Documentary Short Film Film Festival  രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചിത്രമേള  Chief Minister Pinarayi Vijayan  ജ്യാന്തര ഡോക്യുമെന്‍ററി സമാപന സമ്മേളനം  IDSSFK Closing session  IDSSFK completed  IDSSFK awards
IDSSFK

By

Published : Aug 9, 2023, 11:06 PM IST

തിരുവനന്തപുരം:വ്യത്യസ്‌തതകളെയും വിമത ശബ്‌ദങ്ങളെയും അടിച്ചമർത്തുമ്പോളല്ല, മറിച്ച് അവ ആവിഷ്‌കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വ ചിത്രമേളയുടെ (ഐഡിഎസ്എസ്എഫ്കെ- International Documentary and Short Film Film Festival of Kerala) സമാപന സമ്മേളനം തിരുവനന്തപുരം കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഐഡിഎസ്എസ്എഫ്കെ എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സാമൂഹിക രാഷ്‌ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് നിർമിക്കപ്പെടുന്ന ഡോക്യുമെന്‍ററികൾക്കായുള്ളതാണ് ഐഡിഎസ്എസ്എഫ്കെ. രാജ്യാന്തര ഡോക്യുമെന്‍റെറി ചിത്ര മേളക്ക് ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത വിഷയങ്ങളെ പ്രമേയമാക്കുന്ന സിനിമകൾ അവതരിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വേദിയെന്ന നിലയിൽ 15 വർഷം കൊണ്ട് ചലച്ചിത്രപ്രവർത്തകർക്കിടയിൽ വലിയ മതിപ്പ് ഉളവാക്കാൻ കഴിഞ്ഞു.

ലോകമെമ്പാടുമുള്ള സമകാലിക പ്രശ്‌നങ്ങൾ ശക്തമായും തീവ്രമായും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ മേളക്ക് സാധിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി പരാജയപ്പെടുത്തി പ്രദർശനനാനുമതി നേടിയ അനുഭവമാണ് നമുക്കുള്ളത്. കർഷക പ്രക്ഷോഭം, പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിലെ സ്ത്രീകൾ നയിച്ച പ്രതിഷേധം, ഇറാനിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ വധശിക്ഷ, മുംബൈയിലെ വിദ്യാർഥി ആത്മഹത്യ പശ്ചാത്തലത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നിലനിർത്തുന്ന ജാതിവിവേചനം ഉൾപ്പെടെയുള്ള സമകാലിക പ്രശ്‌നങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ മേളക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരസ്‌കാരം വിതരണം ചെയ്‌ത് മുഖ്യമന്ത്രി: ഡോക്യുമെന്‍ററി രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ദീപ ധൻരാജിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കനു ബേൽ, തിലോത്തമ ഷോം, ഷേർലി എബ്രഹാം, സർവ്‌നിക് കൗർ, ഡോൺ പാലത്തറ, ഷോനക് സെൻ എന്നിവരുൾപ്പെടുന്ന ജൂറിയാണ് പുരസ്‌കാരനിർണയം നടത്തിയത്.

നൗഷീൻ ഖാൻ സംവിധാനം ചെയ്‌ത 'ലാൻഡ് ഓഫ് മൈ ഡ്രീംസ്' ആണ് മികച്ച ലോങ് ഡോക്യുമെന്‍ററിയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രതീക് ശേഖർ സംവിധാനം ചെയ്‌ത 'ചർദി കാല- ആൻ ഓട് ടു റെസിലിയൻസ്' രണ്ടാമത്തെ മികച്ച ലോങ് ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരത്തിന് അർഹമായി. മികച്ച ഷോർട് ഡോക്യുമെന്‍ററിയായി ഗുർലീൻ ഗ്രേവാൾ സംവിധാനം ചെയ്‌ത 'സംവേർ നിയർ ആൻഡ് ഫാർ' തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മികച്ച ഷോർട് ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരത്തിന് അർഹമായത് സിദ്ധാന്ത് സറിൻ്റെ 'മം' ആണ്. കൂടാതെ ഈ വിഭാഗത്തിൽ വിഷ്‌ണുരാജ് പിയുടെ 'ദി സോയിൽ', ലൂർദ്‌സ് എം സുപ്രിയയുടെ 'വാട്ട് ഡു ഐ ടു ആഫ്റ്റർ യു' എന്നിവ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

അതേസമയം മികച്ച ഷോർട് ഫിക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഗൗരവ് പുരി സംവിധാനം ചെയ്‌ത 'എ ഫ്‌ളവർ ഇൻ എ ഫോഗ് ലൈറ്റ്' ആണ്. രണ്ട് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഈ വിഭാഗത്തിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം താരിഖ് അഹമ്മദ് സംവിധാനം ചെയ്‌ത 'വെൻ ഐ ലുക്ക് അറ്റ് ദി ഹൊറൈസൺ' നേടി. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവുമായിരുന്നു പുരസ്‌കാരം.

കേരളത്തിലെ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികൾ നിർമിച്ച ചിത്രങ്ങൾ മത്സരിക്കുന്ന ക്യാമ്പസ് ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായി അലൻ സാവിയോ ലോപ്പസ് സംവിധാനം ചെയ്‌ത '1 സാമുവേൽ 17' തെരഞ്ഞെടുക്കപ്പെട്ടു. അമ്പതിനായിരം രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്.

ABOUT THE AUTHOR

...view details