തിരുവനന്തപുരം :പാഠങ്ങള്‍ മനസ്സിലാക്കി പഠിച്ചാല്‍ വിജയം ഉറപ്പെന്ന് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളത്തിന്‍റെ അഭിമാനമായ എസ് ജെ ആതിരയും ഗൗരി അരുണും. പഠനത്തിന് പ്രത്യേക രീതികള്‍ ഒന്നുമില്ലെന്നും മുക്കോലയ്ക്കൽ സെന്‍റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളായ ഇരുവരും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
പഠിക്കുന്ന കുട്ടികളെല്ലാം ബുജികളാണെന്ന ധാരണ വേണ്ടെന്നാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ എസ് ജെ ആതിര പറയുന്നത്. മണ്ടത്തരമാണെങ്കിലും സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക, മനസിലാകാത്ത പാഠം എത്ര സമയമെടുത്തായാലും പഠിച്ചുമാത്രം മുന്നോട്ടുപോകുക. കാണാതെ പഠിക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലും വേണ്ട. എങ്കിൽ പഠനം എളുപ്പമാണെന്നും സ്വന്തം രീതി ചൂണ്ടിക്കാട്ടി ആതിര വിശദീകരിക്കുന്നു.
ഐസിഎസ്ഇ റാങ്ക് ജേതാക്കുളുമായി നടത്തിയ പ്രത്യേക അഭിമുഖം ബോർഡ് പരീക്ഷകൾക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സമ്മർദം കൂടുതലാണെന്നാണ് സംസ്ഥാനത്തെ രണ്ടാം റാങ്കുകാരി ഗൗരി അരുൺ ചൂണ്ടിക്കാട്ടുന്നത്. പരീക്ഷ അല്പം ബുദ്ധിമുട്ടായിരുന്നുവെന്നാണ് തോന്നിയത്. പ്രത്യേക പഠനരീതിയൊന്നും തനിക്കില്ലെന്നും ഗൗരി ചൂണ്ടിക്കാട്ടുന്നു. അധ്യാപകർ നൽകിയ പിന്തുണ മറക്കാനാവില്ലെന്നും ഇരുവരും പറയുന്നു. ഇതേ സ്കൂളിൽ തന്നെയാണ് മൂന്നാം റാങ്കുകാരനായ യു വിഷ്ണുവും പഠിക്കുന്നത്. 99.6 ശതമാനം മാർക്കാണ് പരീക്ഷയിൽ ആതിര നേടിയത്.
Also Read: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശിനി
ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ എസ് എൽ ഷിലുവിന്‍റേയും ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. ആർ എസ് ജീനയുടെയും മകളാണ് ആതിര. തിരുവനന്തപുരം പാങ്ങപ്പാറയാണ് താമസം. കുമാരപുരം മോസ്ക് ലെയ്നിൽ, ഡോക്ടർ ദമ്പതികളായ അരുൺ സദാശിവന്റെയും രോഷ്നി രമേഷിന്റെയും മകളാണ് ഗൗരി. പഠനത്തിന് പ്രത്യേക രീതികൾ ഒന്നുമില്ലെന്ന് വിശദീകരിക്കുമ്പോഴും മനസിലാക്കി പഠിക്കാനും നന്നായി അധ്വാനിക്കാനുള്ള മനസാണ് വലിയ വിജയങ്ങൾ കൊണ്ടുവരിക എന്നതിന് മാതൃകയാണ് ഇരുവരുടെയും നേട്ടം.