തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെപിസിസി ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്‌ത് ലതികാ സുഭാഷ്. അഭിമാനത്തോടെ കൊട്ടിഘോഷിച്ച സ്ഥാനാര്‍ഥി പട്ടിക കേട്ടപ്പോൾ വനിത എന്ന നിലയില്‍ ദുഖമുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് ലതിക സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി ആസ്ഥാനത്ത് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
അപമാനിക്കപ്പെട്ടെന്ന് ലതിക സുഭാഷ്; തലമുണ്ഡനം ചെയ്‌തു, കോണ്‍ഗ്രസ് പദവികള്‍ രാജിവച്ചു
20 ശതമാനം വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടപ്പോൾ ഒരു ജില്ലയിൽ ഒരു സീറ്റ് എന്ന പരിഗണന പോലും ലഭിച്ചില്ലെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് ലതിക സുഭാഷ് പ്രതികരിച്ചു
20 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കണമെന്നാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 20 ശതമാനം നല്‍കിയില്ലെങ്കില്‍ പോലും ഒരു ജില്ലയില്‍ ഒരു വനിതക്ക് എങ്കിലും പ്രാതിനിധ്യം പട്ടികയിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ടി ഓടി നടന്ന വനിതാ നേതാക്കളെയെല്ലാം വിട്ടുകളഞ്ഞു. ഞാന്‍ ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നു. 16 വയസ് മുതല്‍ ഈ പാര്‍ട്ടിക്ക് ഒപ്പം നിന്നയാളാണ്. ഇന്ന് എംഎല്‍എമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോണ്‍ഗ്രസിനെ സേവിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി എല്ലാ തെരഞ്ഞെടുപ്പിലും എന്‍റെ പേര് വന്നുപോകാറുണ്ട്. എന്നാല്‍ പട്ടിക വരുമ്പോള്‍ പേര് കാണാറില്ല. ആരോടുമുള്ള ഏറ്റുമുട്ടല്‍ അല്ലെന്നും ഇനിയെങ്കിലും കോണ്‍ഗ്രസ് തെറ്റ് തിരുത്തണമെന്നും ലതിക സുഭാഷ് പറഞ്ഞു.
ലതികയെ വൈപ്പിനില്‍ പരിഗണിച്ചിരുന്നെങ്കിലും അവസാനം ഒഴിവാക്കുകയായിരുന്നു. അതേസമയം ലതിക സുഭാഷിന്‍റെ നടപടി കോണ്‍ഗ്രസില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സീറ്റ് ലഭിക്കാത്തതില്‍ ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. ലതികയെ അവഗണിച്ചിട്ടില്ല. മറ്റെന്തെങ്കിലും പ്രധാന കാരണങ്ങളുണ്ടാകും. ഭാവിയില്‍ ലതിക സുഭാഷിനെ പരിഗണിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.