കോട്ടയം :എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍റെ വെല്ലുവിളി താൻ സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്നും തന്നെ തടയാമെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവന.
'ഞാൻ മുഖ്യമന്ത്രിയെ പോലെ പോലീസ് സംരക്ഷണയിൽ ഓടി ഒളിക്കുന്ന ആളല്ല. ഒരു പൊലീസുകാരന്‍റെ അകമ്പടി പോലുമില്ലാതെ കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഞാൻ യാത്ര ചെയ്യും. എന്തായാലും എൽ ഡി എഫ് കൺവീനർ പിണറായി സർക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതൽ ബുദ്ധിമുട്ടിക്കാനാണ് വന്നിരിക്കുന്നത്. അജ്ഞാത വാസത്തിനുശേഷമുള്ള ഇപി ജയരാജന്‍റെ ഇപ്പോഴത്തെ വരവ് എൽ ഡി എഫ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും' - പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരാൾ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് എം വി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനെ കുറിച്ച് പറഞ്ഞത്. മാധ്യമപ്രവർത്തകന്‍റെ പിതൃത്വത്തെ വരെ അദ്ദേഹം ചോദ്യം ചെയ്‌തുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. എൽ ഡി എഫ് ജാഥയോടനുബന്ധിച്ച് പാലാ ബസ് സ്‌റ്റാൻഡ് അടച്ചുപൂട്ടിയത് അധികാര ദുർവിനിയോഗം ഒന്നുകൊണ്ട് മാത്രമാണ്.
നിലവിലെ കേരള സാഹചര്യത്തിൽ ഭരണം കയ്യാളുന്ന എൽ ഡി എഫിന് എന്തും ചെയ്യാം എന്ന നിലയിലാണ് കാര്യങ്ങള്‍. പാർട്ടിക്കും അതിന് കീഴിലുള്ള പ്രസ്ഥാനങ്ങൾക്കും എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാനുള്ള ലൈസൻസ് ആണ് സർക്കാർ കൊടുത്തിരിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.