തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുറേവി ചുഴലിക്കാറ്റ്; ഡിസംബർ നാലിന് അതീവ ജാഗ്രത - Burevi updates
അടുത്ത 12 മണിക്കൂറിൽ ബുറേവി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ശ്രീലങ്കൻ തീരം കടക്കും.
ശ്രീലങ്കൻ തീരത്തുനിന്ന് ഏകദേശം 170 കിലോമീറ്റർ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 700 കി മി ദൂരത്തിലുമുള്ള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ച് ശ്രീലങ്കൻ തീരം കടക്കും. ഈ പശ്ചാത്തലത്തിൽ ഡിസംബർ മൂന്നിന് കൊല്ലം ജില്ലയിൽ അതി തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് .
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരളത്തിനകത്തു നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. എല്ലാത്തരം മത്സ്യബന്ധന യാനങ്ങൾക്കും ഇത് ബാധകമായിരിക്കും. നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി. ഡെപ്യൂട്ടി കമാൻഡന്‍റ് രാജൻ ബാലുവിന്‍റെ നേതൃത്വത്തിലുള്ള 20 പേരാണ് സംഘത്തിലുള്ളത്.