തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നൂതന പദ്ധതികളുമായി തൊഴിൽ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും. അതിഥി ആപ്പും അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി ജില്ല അടിസ്ഥാനത്തിൽ സംവിധാനങ്ങളുമാണ് നടപ്പിലാക്കുന്നത്. സ്‌കൂളുകളിൽ സ്പോർട്‌സ് യോഗ പദ്ധതി, കൈറ്റ് വിക്ടേഴ്‌സിൻ്റെ നേതൃത്വത്തിൽ മൊബൈൽ ജേർണലിസം സ്റ്റുഡിയോ തുടങ്ങി 53,818 ലക്ഷം രൂപയുടെ 58 പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
2023 ഫെബ്രുവരി 10 മുതൽ മെയ് 20 വരെ നടപ്പിലാക്കുന്ന 100 ദിന കർമ്മ പദ്ധതികളാണ് ഇവ. ഇതിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 35 ൽ 10 പദ്ധതികളും തൊഴിൽ വകുപ്പിന്‍റെ 23 ൽ 4 പദ്ധതികളും ഉദ്ഘാടനം കഴിഞ്ഞു. 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കലും 15,896 കോടി രൂപ അടങ്കലുമാണ് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഭാഷ പഠനത്തിനായി പഠിപ്പുറസി പദ്ധതി, വിവിധ ലഹരി വിരുദ്ധ പദ്ധതികൾ, മൊബൈൽ ജേർണലിസം മാതൃകയിൽ വിദ്യാഭ്യാസ ഉള്ളടക്കം നിർമ്മാണത്തിനുള്ള പുതിയ സ്റ്റുഡിയോ, ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസത്തിനായി വെർച്വൽ ക്ലാസ്, ഇ-തപാൽ അറ്റ് സ്‌കൂൾ, 10,500 ഹൈസ്‌കൂൾ ലാബുകളിലേക്ക് ലാപ്ടോപ് വിതരണം തുടങ്ങി ഭിന്ന ശേഷി വിദ്യാർഥികളെയടക്കം ചേർത്തു നിർത്തി കൊണ്ടാണ് പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തിന് പിന്തുണ നൽകി കൊണ്ട് ശിശു സൗഹൃദ ഫർണിച്ചറുകളും ഉപകരണങ്ങളും വാങ്ങാനും സർക്കാർ പദ്ധതിയിൽ ഫണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്‌ബി ധനസഹായത്തോടെ വികസനം കൈവരിച്ച 74 സ്‌കൂളുകളുടെ ഉദ്ഘാടനവും നിർവഹിക്കും.