തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ കോര്‍പറേഷന്‍ സര്‍വീസസ് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീണ് പരിക്കേറ്റ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു.
ചാക്ക യൂണിറ്റിലെ ഫയർമാൻ ജെ.എസ് രഞ്ജിത്താണ് (32) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രാസ പദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 1.22 കോടിയുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് കെഎംഎസ്‌സിഎൽ അറിയിച്ചു.
മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തത് വലിയ അപകടം ഒഴിവായി. തീ പടരുന്ന സമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
ജില്ലയിലെ മുഴുവൻ ഫയർ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിനിടെ മരിച്ച ഫയർമാൻ രഞ്ജിത്തിന്‍റെ മൃതദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്തും എറണാകുളത്തും തൃശൂരിലും സമാന സംഭവം അടുത്തിടെ: വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് അധികം കേള്‍ക്കുന്ന വാര്‍ത്തയാണ് തീപിടിത്തം എന്നത്. കൊല്ലത്തും എറണാകുളത്തും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ തീപിടിത്തമുണ്ടായത്. ഇക്കഴിഞ്ഞ 17ന് രാത്രി 8.30 ഓടെയാണ് കൊല്ലത്തെ മരുന്ന് സംഭരണ ശാലയില്‍ വന്‍ തീപിടിത്തമുണ്ടായത്.
ആശ്രമം ഉളിയക്കോവിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ മരുന്ന് സംഭരണ ശാലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെങ്കിലും നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം എട്ട് മണിക്കൂര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണക്കാന്‍ സാധിച്ചത്. വിവിധയിടങ്ങളില്‍ നിന്നെത്തിയ പത്ത് ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് തീയണച്ചത്.