തിരുവനന്തപുരം : കഴക്കൂട്ടത്ത് 65കാരന്‍ ചവിട്ടേറ്റ് മരിച്ചു. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കഴക്കൂട്ടത്ത് ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു ഭുവനചന്ദ്രൻ.
ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെ ഭുവനചന്ദ്രൻ ഒരു ആക്രിക്കച്ചവടക്കാരനുമായി തർക്കമുണ്ടാവുകയും അയാള്‍ വയറിന് അടിഭാഗത്തായി ചവിട്ടുകയുമായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
Also Read: ചികിത്സക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് ഡോക്‌ടര്‍ അറസ്റ്റില്‍
പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെവച്ചാണ് മരണം സംഭവിച്ചത്. ഇതിനിടെ അക്രമി രക്ഷപ്പെട്ടിരുന്നു. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആക്രിക്കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി.