തിരുവനന്തപുരം :സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ പി.ജി ഡോക്‌ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്‍മാരും സമരത്തിലേക്ക്. പി.ജി ഡോക്‌ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹൗസ് സര്‍ജന്‍മാരുടെ സമരം. തിങ്കളാഴ്ച സൂചനാ സമരമാണ് നടത്തുന്നത്.
ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിലപാടിലാണ് പ്രതിഷേധം. സര്‍ക്കാര്‍ അനുഭാവപൂര്‍വം ഇടപെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഹൗസ് സര്‍ജന്മാരുടെ തീരുമാനം. അത്യാഹിതവിഭാഗം മുടക്കിയുള്ള പി.ജി ഡോക്‌ടര്‍മാരുടെ സമരവും തുടരുകയാണ്.
ALSO READ:Sabarimala Pilgrimage | ശബരിമലയില്‍ അന്നദാന വഴിപാട് ഇനി ക്യു.ആര്‍ കോഡ് വഴിയും
ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് പി.ജി ഡോക്‌ടര്‍മാരുടെ സംഘടനയുടെ തീരുമാനം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവ ബഹിഷ്‌കരിക്കും. മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി, ഐ.പി എന്നിവയും ബഹിഷ്‌കരിക്കും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് കെ.ജി.എം.ഒ.എയുടെ പ്രതിഷേധം.
അപാകത നീക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടരുകയാണ്. അതേസമയം സമരം അവസാനിപ്പിച്ചാലേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡോക്‌ടര്‍മാരുടെ സമരം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഒ.പികളില്‍ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പല രോഗികളെയും തിരികെ അയക്കുന്ന സ്ഥിതിയുമുണ്ട്.