കേരളം

kerala

ETV Bharat / state

ആശുപത്രിയില്‍ ഡോക്‌ടറുടെ കൊലപാതകം; സമരം പിന്‍വലിച്ച് സംഘടനകൾ, പ്രതിഷേധം തുടര്‍ന്ന് ഹൗസ് സര്‍ജന്മാരും പിജി വിദ്യാർഥികളും - doctor Vandana das

കൊട്ടാരക്കരയില്‍ ഡോക്‌ടര്‍ വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഹൗസ് സര്‍ജന്മാരുടെയും പിജി വിദ്യാർഥികളുടെയും സമരം ഇന്നും തുടരുന്നു. സംഘം ഇന്ന് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും.

House surgeons and PG students strike  House surgeons and PG students strike continuing  Doctor murder case  ഡോക്‌ടറുടെ കൊലപാതകം  കെജിഎംഒഎ  ഐഎംഎ സമരം പിന്‍വലിച്ചു  പ്രതിഷേധം തുടര്‍ന്ന് ഹൗസ് സര്‍ജന്മാര്‍  കൊട്ടാരക്കര  ഡോക്‌ടര്‍ വന്ദന ദാസിനെ കുത്തികൊലപ്പെടുത്തി  ആരോഗ്യ മന്ത്രി  കൊട്ടാരക്കര താലൂക്ക് ആശുപത്രി  ഡോക്‌ടർ വന്ദന ദാസ്  doctor Vandana das  doctor Vandana das murder
പ്രതിഷേധം തുടര്‍ന്ന് ഹൗസ് സര്‍ജന്മാരും പിജി വിദ്യാർഥികളും

By

Published : May 12, 2023, 9:36 AM IST

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഡോക്‌ടർ വന്ദന ദാസ് കൊലപ്പെട്ട സംഭവത്തിൽ ഹൗസ് സര്‍ജന്മാരുടെയും പിജി വിദ്യാർഥികളുടെയും സമരം ഇന്നും തുടരും. അതേസമയം സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎയും സ്വകാര്യ ഡോക്‌ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നടത്തിവന്ന സമരം പിൻവലിച്ചു. പിജി വിദ്യാർഥികളും ഹൗസ് സര്‍ജന്മാരും ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജുമായി കൂടിക്കാഴ്‌ച നടത്തും.

മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാകും സമരം പിന്‍വലിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇരു സംഘടനകളും ഉന്നയിച്ച ആവശ്യങ്ങളിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമായി. സംഘടന മുന്നോട്ടു വച്ച ആവശ്യങ്ങളായ ആശുപത്രി സംരക്ഷണ നിയമം അടക്കം ഓർഡിനൻസായി ഇറക്കാൻ സർക്കാർ തല തീരുമാനമായ സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ സംഘടനകൾ തയാറായത്.

എന്നാൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്‌ഡ്‌ പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയ ബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ടുപോകുമെന്നും കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. അതേസമയം വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്ന് സംഘടന വിട്ടുനിൽക്കും.

ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര്:കൊല്ലം താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദന ദാസിന്‍റെ പേര് നൽകും. വന്ദനയോടുള്ള ആദരസൂചകമായാണ് തീരുമാനം. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകി.

ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. റൂറൽ ഡിവൈഎസ്‌പി എം.എം ജോസിനാണ് അന്വേഷണ ചുമതല. പ്രതി സന്ദീപിന്‍റെ ലഹരി ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം.

അപ്രതീക്ഷിത ആക്രമണത്തില്‍ പൊലിഞ്ഞ് ഡോ.വന്ദന ദാസ്: ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയാളുടെ കുത്തേറ്റ് ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം പൂയപ്പള്ളി സ്വദേശിയായ സന്ദീപാണ് ഡോക്‌ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. കാലില്‍ മുറിവേറ്റ് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച സന്ദീപ് യാതൊരു പ്രകോപനവുമില്ലാതെ ഡോക്‌ടറെയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് ഡോക്‌ടര്‍ വന്ദന ദാസിനെ ഉടന്‍ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മികച്ച ചികിത്സ നല്‍കാന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സക്കിടെ ഡോക്‌ടര്‍ മരിക്കുകയായിരുന്നു. ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കോളജായ കൊല്ലത്തെ അസീസിയ മെഡിക്കല്‍ കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം കോട്ടയത്തെ കടുത്തുരുത്തിയിലെ സ്വവസതിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.

കൊലപാതകത്തിന് പിന്നാലെ സമരവും പ്രതിഷേധങ്ങളും:ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തെ മുഴുവന്‍ ഡോക്‌ടര്‍മാരും പണിമുടക്ക് നടത്തിയിരുന്നു. അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് സേവനം ലഭ്യമാക്കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് സുല്‍ഫി നൂഹ് അടക്കം മുഖ്യമന്ത്രി പിണറായി വിജയനുമായ കൂടിക്കാഴ്‌ച നടത്തി. ഈ കൂടിക്കാഴ്‌ചയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുമെന്ന് പ്രതീക്ഷയാണുള്ളതെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് സുല്‍ഫി നൂഹ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ABOUT THE AUTHOR

...view details